ആലുവ: നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ തുറക്കൽ നടപടിയെടുക്കാതായതോടെ ഡി.വൈ.എഫ്.ഐ സ്വന്തം നിലയിൽ കമ്മ്യൂണിറ്റി കിച്ചൺ തുറന്ന് ഭക്ഷണം വിതരണം ആരംഭിച്ചു. ഇതോടെ വെട്ടിലായ നഗരസഭ തിങ്കളാഴ്ച്ച മുതൽ നഗരസഭ കാര്യാലയത്തിൽ ജനകീയ ഹോട്ടൽ തുറക്കുമെന്നറിയിച്ചു.
സർക്കാർ നിർദ്ദേശം നഗരസഭ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ സാമൂഹിക അടുക്കള തുറന്ന് ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും നിർദ്ധനർക്കും ഭക്ഷണ വിതരണം ആരംഭിച്ചത്. ഇതോടെ നവമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നഗരസഭക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭ ജനകീയ ഹോട്ടൽ തുറക്കാൻ തീരുമാനമെടുത്തത്. ഡി.വൈ.എഫ്.ഐയുടെ സാമൂഹ അടുക്കള ഷെൽന നിഷാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ആലുവ ഏരിയ കമ്മിറ്റിയംഗം രാജീവ് സക്കറിയ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി വി.ജി. നികേഷ്, പ്രസിഡന്റ് ജോമോൻ രാജ്, പ്രശാന്ത്, രാഹുൽ, പോൾ വർഗീസ്, ബൈജു ജോർജ്, രവി, ശ്യാം പത്മനാഭൻ, ശ്യാം കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ജനകീയ ഹോട്ടൽ ആരംഭിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചൺ ചെലവ് നഗരസഭ തിരികെ നൽകാത്തതിനാൽ കുടുംബശ്രീ ഇക്കുറി മുഖം തിരിച്ച് നിന്നതാണ് പ്രശ്നമായത്. ഇതേതുടർന്ന് ജനകീയ ഹോട്ടൽ തുടങ്ങാമെന്നും പാചകം ചെയ്യുന്ന ഭക്ഷണം തുക നൽകി വാങ്ങണമെന്നുമുള്ള വ്യവസ്ഥ നഗരസഭ അംഗീകരിച്ചു. ഊണ് 20 രൂപ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കും. സൗജന്യമായി വിതരണം ചെയ്യാനുള്ള പൊതിച്ചോറ് നഗരസഭ വാങ്ങി നിർവ്വഹിക്കും.