പെരുമ്പാവൂർ: സഭാപ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വന്ദ്യ ഔസേഫ് പാത്തിക്കൽ കോർ എപ്പിസ്‌ക്കോപ്പയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ രംഗത്തും സജീവമായ പുരോഹിതനായിരുന്നു ഇദ്ദേഹം. രണ്ട് തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് പെരുമ്പാവൂർ നഗരസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1980 ൽ സ്വതന്ത്രസ്ഥാനാർത്ഥിയായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ഇരുപതിനായിരത്തിലധികം വോട്ട് നേടി അന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ച വ്യക്തിയാണ്. 1977 ലെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്ന പോൾ.പി. മാണി 400 ഓളം വോട്ടുകൾക്ക് കുന്നത്തുനാട് മണ്ഡലത്തിൽ പരാജയപ്പെടാനിടയാക്കിയത് അച്ചന്റെ രാഷ്ട്രീയ പ്രവേശമായിരുന്നു. കരുണാകരൻ സർക്കാർ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ 1979 ൽ നടത്തിയ ലാത്തിചാർജിലുളള വൈരാഗ്യമാണ് സഭാതർക്കത്തെത്തുടർന്ന് ബാവാ കക്ഷി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പാത്തിക്കൽ അച്ചൻ കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന പോൾ.പി. മാണിക്കെതിരെ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കാനിടയാക്കിയത്. യു.ഡി.എഫിന് നിർണ്ണായക സ്വാധീനമുളള കുന്നത്തുനാട് മണ്ഡലത്തിൽ പാത്തിക്കലച്ചൻ വിജയിച്ചില്ലെങ്കിലും പോൾ പി. മാണിയെ തോൽപ്പിക്കാനുളള വോട്ടുകൾ തന്റെ പെട്ടിയിലാക്കുകയായിരുന്നു. സി.പി. എം സ്ഥാനാർത്ഥിയായിരുന്ന പി.വി. എസ്‌തോസ് അങ്ങനെ അട്ടിമറി വിജയം നേടി. സ്വന്തം അഭിപ്രായങ്ങൾ എന്നും സധൈര്യം ആരുടേയും മുഖത്ത് നോക്കി പറയാൻ മടി കാണിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാത്തിക്കൽ അച്ചൻ. സഭാവിശ്വാസങ്ങളോടൊപ്പം മതേതരസദസുകളിലും നിറസാന്നിദ്ധ്യമായിരുന്നു അന്തരിച്ച പാത്തിക്കൽ അച്ചനെന്ന വന്ദ്യ ഔസഫ് കോർ എപ്പിസ്‌കോപ്പ.