post-covid-

എന്തൊക്കെ കാരണങ്ങളാൽ ശ്വാസവൈഷമ്യം ഉണ്ടാകാമെന്ന് അറിഞ്ഞിരുന്നാൽ കൊവിഡ് കാരണമുള്ള ബുദ്ധിമുട്ട് തിരിച്ചറിയാനും യഥാസമയം കൃത്യമായ ചികിത്സ സ്വീകരിക്കാനും കഴിയും.

ശ്വാസവൈഷമ്യം ഉണ്ടാകുന്നതിന് പലപ്പോഴും ഒരു രോഗം ഉണ്ടായിരിക്കണമെന്നില്ല. വ്യായാമംചെയ്യുമ്പോൾ, ഉയരത്തിലേക്ക് കയറുമ്പോൾ, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോഴുമെല്ലാം ശ്വാസ വൈഷമ്യം അനുഭവപ്പെടാം.

ആവശ്യത്തിലേറെ വിശ്രമിക്കുന്ന സാഹചര്യങ്ങളിലും തീരെ മേലനങ്ങാത്ത ശീലമുള്ളവർക്കും ഇത്തരം വൈഷമ്യം ഉണ്ടാകാം.

സംസാരിക്കുമ്പോഴുള്ള ശബ്ദവ്യത്യാസം, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, ശബ്ദത്തോടെയുള്ള ശ്വാസഗതി, ശക്തമായ ചുമ, പനി, മൂക്കടപ്പ്, നെഞ്ചിന് മുറുക്കം തോന്നുക, ത്വക്കിനും ചുണ്ടിനും നഖത്തിനും ചിലപ്പോൾ നീല നിറമുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ ശരിയായി ശ്വാസം കിട്ടാത്ത ഒരാളിന് ഉണ്ടാകാവുന്നതാണ്.

ബ്രോങ്കൈറ്റിസ്,ആസ്‌തമ, ന്യുമോണിയ, വിളർച്ച, ശ്വാസകോശാർബുദം, അമിതമായ ഉൽകണ്ഠ കാരണമുള്ള മാനസികരോഗങ്ങൾ,
സി.ഒ.പി.ഡി, ഹൃദയസംബന്ധമായ രോഗങ്ങൾ, അലർജി തുടങ്ങി നിരവധി രോഗങ്ങൾക്ക് ശ്വാസവൈഷമ്യം ഒരുലക്ഷണമാകാറുണ്ട്.

ചില കരൾരോഗങ്ങൾ, അമിതവണ്ണം, ആരോഗ്യക്കുറവ്, ടെൻഷൻ എന്നിവയുള്ളവരിലും ശ്വാസ വൈഷമ്യം അനുഭവപ്പെടാം.

ശ്വാസവൈഷമ്യം കുറയ്ക്കുന്നതിനായി തുറസ്സായ സ്ഥലത്തേക്ക് മാറുക, ഇടയ്ക്കിടെ വെള്ളം കുടിക്കുക, സുഖം തോന്നുന്ന രീതിയിൽ കമിഴ്ന്നും വളഞ്ഞും ഇരിക്കുക, ഏറ്റവും സുഖകരമായ രീതിയിൽ കിടന്നുറങ്ങാൻ ശ്രമിക്കുക, കൈകളുടെ സഹായത്തോടെ നിൽക്കുക എന്നിവ

ഉപകാരപ്പെടുന്നതാണ്.

കോഫി, ഇഞ്ചി, ഇഞ്ചിച്ചായ, മഞ്ഞൾ എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. ചുക്ക്, കുരുമുളക്, തിപ്പലി, തുളസിയില, ചിറ്റമൃത് തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ആയുർവേദ മരുന്നുകൾ ഉപയോഗിക്കുക. ചൂടുള്ളവ കുറെശ്ശേ കുടിക്കുക, ഫാനിന്റെ അടുത്തേക്ക് മാറി ഇരിക്കുക, ആവിപിടിക്കുക, പഴങ്ങളും പച്ചക്കറികളും ആഹാരത്തേക്കാൾ അധികമായി കഴിക്കുക.

പുകവലി ഉപേക്ഷിക്കുക, അമിത വ്യായാമം ഒഴിവാക്കുക, ഉറങ്ങാൻ കിടക്കുന്നതിനു തൊട്ട് മുമ്പുള്ള മദ്യപാനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ സ്വീകരിക്കുന്നത് ദീർഘകാലമായുള്ള ശ്വാസവൈഷമ്യത്തെ പ്പോലും ഇല്ലാതാക്കും.

ശ്വാസവൈഷമ്യം കാരണം രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ ശ്വാസം കിട്ടാൻ പ്രയാസം, തലവേദന, തലകറക്കം, തളർച്ച, അസ്വസ്ഥത, തുടർച്ചയായി വേഗത്തിൽ ശ്വാസമെടുക്കുക, നെഞ്ചുവേദന, ആശയക്കുഴപ്പം, വർദ്ധിച്ച രക്തസമ്മർദ്ദം, എന്ത് ചെയ്യണമെന്നറിയായ്ക, കാഴ്ചയ്ക്ക് തടസം, വർദ്ധിച്ച നെഞ്ചിടിപ്പ്, അനാവശ്യ ആഹ്ലാദം അനുഭവപ്പെടുക എന്നിവയുണ്ടാകും.

സാധാരണ കാണുന്ന ശ്വാസ വൈഷമ്യങ്ങളുടെ കാരണങ്ങൾ ഇവയൊക്കെയാണെങ്കിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൊവിഡിനെയാണ്. കൊവിഡ് ബാധിച്ചയുടൻ ശ്വാസംമുട്ട് ആരംഭിക്കാനിടയില്ല. ശ്വസനപഥത്തിലുള്ള ഓരോ ഭാഗങ്ങളേയും ബാധിച്ച് ശ്വാസകോശത്തിന്റെ അധോഭാഗത്തെ കൂടി ആക്രമിക്കുമ്പോഴാണ് ശ്വാസ വൈഷമ്യം അനുഭവപ്പെടുന്നത്.

തുടർച്ചയായ ദിവസങ്ങളിൽ പനി, തുടർച്ചയായ ചുമ, ശ്വാസമെടുക്കുമ്പോൾ വേദന, നെഞ്ചിലും വാരിയെല്ലിലുമുള്ള മാംസപേശികൾ മുറുകിപ്പിടിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ കൂടിയുള്ള ഒരു കൊവിഡ് രോഗിയോടാണ് വീട്ടിലിരുന്നുള്ള ചികിത്സ മതിയാക്കി കൂടുതൽ സൗകര്യമുള്ളിടത്തേക്ക് മാറാൻ ആവശ്യപ്പെടുന്നത്.

മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള ശ്വാസതടസ്സം തിരിച്ചറിയുന്നതിനും കൊവിഡ് കാരണമുള്ള ശ്വാസതടസ്സത്തിന് കൂടുതൽ പ്രാധാന്യം നൽകാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.