അഞ്ചുതെങ്ങ്: ശക്തമായ മഴയ്ക്ക് പിന്നാലെ കടൽക്ഷോഭം ശക്തമായതോടെ തീരദേശമേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. കടലാക്രമണത്തിലും, ശക്തമായ കാറ്റിലും നിരവധി വീടുകൾ തകർന്നു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. അഞ്ചുതെങ്ങുമുതൽ വേലി മുക്കുവരെയുള്ള പ്രദേശങ്ങളിലെ നൂറ്റി അൻപതോളം വീടുകളിലും, ചിറയിൻകീഴ് പഞ്ചായത്തിലെ അൻപതോളം വീടുകളിലും വെള്ളം കയറി.. തീരദേശപാതയും തകർന്നു. താഴം പള്ളി അഞ്ചുതെങ്ങ് റോഡിന് പടിഞ്ഞാറു ഭാഗത്ത് കടലിനോട് ചേർന്നുള്ള വീടുകൾക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വാതിലുകളും, ജനലുകളും, ചുവരുകളും, ഗൃഹോപകരണളും നശിച്ചു. താഴം പള്ളി അഞ്ചുതെങ്ങ് റോഡിൽ മണ്ണും, വെള്ളവും നിറഞ്ഞതിനാൽ ഗതാഗതം താത്കാലികമായി നിറുത്തിവച്ചു.അഞ്ചുതെങ്ങിൽ ഏഴ് കുടുംബത്തെ മാറ്റി പാർപ്പിച്ചു. പൂത്തുറ മുഞ്ഞമൂട് ഭാഗത്തെ നാല്പതോളം കുടുംബങ്ങൾ ബന്ധുവീടുകളിലേയ്ക്ക് മാറ്റി. അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ അഞ്ച് കുടുംബത്തേയും, ബി.ബി.എൽ.പി.സ്കൂളിൽ രണ്ട് കുടുംബത്തേയുമാണ് മാറ്റി പാർപ്പിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.