തിരുവനന്തപുരം: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും വെള്ളം കെട്ടിനിൽക്കാതെ ശുചീകരിച്ച് ഡ്രൈ ഡേ ആചരിക്കും.
ഇപ്പോഴത്തെ മഴ ഡെങ്കിപ്പനി പടർത്താൻ സാദ്ധ്യതയുള്ളതിനാൽ വരുന്ന കാലവർഷം കൂടി കണക്കിലെടുത്താണ് ശുചീകരണത്തിന് സർക്കാർ ആഹ്വാനം ചെയ്‌തത്. ഡെങ്കിപ്പനി ഉണ്ടായ പ്രദേശങ്ങളിൽ വീടുകളിലും പരിസരത്തുമാണ് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയത്. 'ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം' എന്നതാണ് ദിനാചരണ സന്ദേശം.
ചെയ്യേണ്ടത്
കെട്ടിനിൽക്കുന്ന ചെറിയ അളവിലുളള വെള്ളത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് വളരും. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അകത്തും മേൽക്കൂരയിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കരുത്. കെട്ടിടത്തിലും ടെറസ്, സൺഷേഡുകൾ എന്നിവയിലും കെട്ടിനിൽക്കുന്ന വെളളം ഒഴുക്കിക്കളയണം. പാഴ് വസ്തുക്കൾ സംസ്‌കരിക്കണം. ബ്രേക്ക് ദ ചെയിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ മുന്നിൽ കൈകഴുകാൻ വെള്ളം വയ്ക്കുന്ന പാത്രങ്ങൾ ദിവസവും കഴുകണം.
മാർക്കറ്റുകളിലെ മത്സ്യം സൂക്ഷിക്കുന്ന പെട്ടികൾ, വീട്ടുമുറ്റത്തും പുരയിടത്തിലും ഉപേക്ഷിച്ച പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ, റബ്ബർ മരങ്ങളിൽ വച്ച ചിരട്ടകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്‌ത്തി വയ്ക്കുകയോ ചെയ്യുക.
ഡെങ്കിപ്പനി
പുലിക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് കൊതുക് പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് വളരുന്നത്.
കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്.
ലക്ഷണങ്ങൾ
വൈറൽ പനിയുടെ ലക്ഷണങ്ങളാണ് ആദ്യം. കടുത്ത പനി, തലവേദന, കണ്ണിനു പുറകിലും പേശികളിലും സന്ധികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പുകൾ എന്നിവയാണ് തുടർ ലക്ഷണങ്ങൾ. വയറുവേദന, മൂക്ക്, വായ, മോണ എന്നിവയിലെ രക്തസ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോ ഛർദ്ദി, ഉറക്കമില്ലായ്‌മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ എന്നിവ ഗുരുതരമായ ലക്ഷണങ്ങളാണ്.
ചികിത്സ
പനിയും മറ്റ് ലക്ഷണങ്ങളും കണ്ടാൽ പൂർണ വിശ്രമം എടുക്കണം. വീടുകളിൽ ലഭ്യമായ പാനീയങ്ങൾ, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ആരോഗ്യ പ്രവർത്തകരെയും, ഇ-സഞ്ജീവനിയെയും ബന്ധപ്പെടണം.