ബാലരാമപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നരുവാമൂട് മേഖലയിൽ വ്യാപക കൃഷിനാശം. നരുവാമൂട് ചിറ്റിക്കോട് ഏലായിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. നരുവാമൂട് തിട്ടവേലിക്കര ഹരിതകീർത്തിയിൽ വാമദേവൻനായരുടെ ആയിരത്തിഅഞ്ഞൂറിൽപ്പരം വാഴകളാണ് കടപുഴകിയത്. ഓണവിപണി ലക്ഷ്യമിട്ട് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം വാഴക്കൃഷിയിറക്കിയത്. നരുവാമൂട് ആറുകാൽക്കോണം കോട്ടയംമുക്ക് ഏലായിൽ വെള്ളാപ്പള്ളി കുശവൂർ ഭവനിൽ സുരേഷിന്റെ 125 ഓളം വാഴകൾ ഒടിഞ്ഞു വീണു. വെള്ളാപള്ളി കിഴക്കിൻകര പുത്തൻവീട്ടിൽ ദാസന്റെ നാന്നൂറിൽപ്പരം വാഴകളും കാറ്റിലും മഴയിലും നിലംപതിച്ചു. തിട്ടവേലിക്കര പ്രദീപ് ദാസിന്റെ നൂറിൽപ്പരം വാഴകളും മഴയത്ത് കടപുഴകി. മിക്ക കർഷകരും സഹകരണ സംഘങ്ങളിൽ നിന്നും ദേശീയ ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്താണ് കൃഷിയിറക്കിയത്. വാഴ ഇൻഷ്വറൻസ് ചെയ്യാമെന്ന് കൃഷിഭവൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ തടസപ്പെടുകയായിരുന്നു. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്കുണ്ടായത്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് മടങ്ങിയെങ്കിലും നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ച നടത്തിയിട്ടില്ല. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.