photo

പാലോട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വീടുകൾ തകർന്നും മരങ്ങൾ കടപുഴകിയും ഗ്രാമീണ മേഖലയിൽ വൻ നാശനഷ്ടം. ചെറ്റച്ചൽ മതുൽ നന്ദിയോട് വരെയും ചുള്ളിമാനൂർ മുതൽ മടത്തറവരെയും ഉണ്ടായ നാശനഷ്ടങ്ങളിൽ അധികവും രോഡ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ച് മാറ്റിയതിനാലുണ്ടായ ബലക്ഷയത്തെ തുടർന്നാണ്. ചെറ്റച്ചൽ നന്ദിയോട് റോഡിൽ നിയന്ത്രണങ്ങലില്ലാതെ മണ്ണിടിച്ചതിനാൽ ചെറ്റച്ചൽ ജഴ്സി ഫാം മതിൽ ഇടിഞ്ഞിട്ടുണ്ട്. നവോദയ വിദ്യാലയത്തിന്റെ മതിലും ഇടിഞ്ഞു. പച്ച ഒരുക്കുഴി ഭാഗത്ത് മണ്ണിടിച്ച് മാറ്റിയതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗത്തുള്ള മുഴുവൻ വീടുകളിലും വെല്ളം കയറിയിരിക്കുകയാണ്. പച്ച മണ്ണാറക്കുന്ന് മുതൽ നന്ദിയോട് ജംഗ്ഷൻ വരെ മണ്ണിടിച്ചിൽ ഇപ്പോഴും തുടരുകയാണ്. മണ്ണിടിച്ചിൽ തുടരുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കടുത്ത ഭീതിയിലാണ്. അനധികൃതമായി മണ്ണിടിച്ച് മാറ്റുന്നതായും ടെന്റർ വ്യവസ്ഥ അനുസരിച്ച് ഓട നിർമ്മിക്കാത്തതിനെ കുറിച്ചും റോഡ്സി വിഭാഗം എ.ഇയ്ക്ക് പരാതി നൽകിയെങ്കിലും ഉപയോഗമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനാൽ മഴയത്ത് വീടുകളിലേക്ക് ഒഴുകിയെത്തുന്ന ചെളിവെള്ളം കോരിക്കളേയണ്ട ഗതികേടിലാണ് പ്രദേശവാസികൾ. റോഡ് വീതികൂട്ടന്നതിന്റെ ഭാഗമായി മണ്ണ് ഇടിച്ചുമാറ്റിയ സ്ഥലങ്ങളിൽ വേരറ്റ് നിന്നിരുന്ന മരങ്ങളും കടപുഴിയിട്ടുണ്ട്. ചിപ്പൻചിറയ്ക്ക് സമീപം മണ്ണിടിച്ച് മാറ്റിയതിനെ തുടർന്ന് കെ.എസ് ഭവനിൽ സുനജയുടെ വീടിന്റെ അടുക്കള ഭാഗം പൂർണമായും ഇടിഞ്ഞു. കൂടാതെ പാലുവള്ളി നല്ലാം കോട്ടുകോണം ശാരദാമണിയുടെ വീട് പൂർണമായും തകർന്നു. വെമ്പിൽ ശയനൻ പണിക്കരുടെ വീടും തകർന്നിട്ടുണ്ട്. പാലോട് ആശുപത്രി ജംഗ്ഷനിൽ കാറ്റിൽ മരം വീണ് സ്വകാര്യ ലാബ് കെട്ടിടത്തിന് കേടുപാടുണ്ടായി. ചിപ്പൻചിറ റോഡിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.