വിതുര: കൊവിഡ് വ്യാപനം ദുരിതത്തിലാഴ്ത്തിയ ഗ്രാമീണമേഖലകളിൽ പേമാരികൂടിയെത്തിയതോടെ ദുരിതത്തിന്റെ വ്യാപ്തി ഇരട്ടിയായിരിക്കുകയാണ്. മൂന്ന് ദിവസമായി ഗ്രാമീണ മേഖലയിലും ആദിവാസി മേഖലയിലും കനത്ത മഴ തുടരുകയാണ്. മലയോരമേഖലകൾ മഴയിൽ മുങ്ങിയ നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലാവുകയും കൃഷികൾ വ്യാപകമായി നശിക്കുകയും ചെയ്തു. ശക്തമായ കാറ്റിൽ ആദിവാസി, തോട്ടം മേഖലകളിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ നരിവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് ഗതാഗത തടസമുണ്ടായി. മഴയ്ക്കകമ്പടിയായി ശക്തമായ കാറ്റും ഇടിമിന്നലും കൂടിയെത്തിയതോടെ ഗ്രാമീണ മേഖല പൂർണമായും ഭീതിലാഴ്ന്നിരിക്കുകയാണ്. മഴ ശക്തിപ്രാപിച്ചതോടെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണ്. പൊലീസും ആരോഗ്യപ്രവർത്തകരും കനത്ത മഴയെ അവഗണിച്ച് പ്രതിരോധ പ്രവർത്തനരംഗത്തും ദുരന്തനിവാരണ രംഗത്തും സജീവമായിരിക്കുന്നത് ജനങ്ങൾക്ക് തെല്ല് ആശ്വാസം പകരുന്നുണ്ട്. വനമേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പേപ്പാറ ഡാം നിറഞ്ഞു. ഇനിയും മഴ ശക്തി പ്രാപിച്ചാൽ ഡാം തുറന്നുവിടാൻ സാദ്ധ്യതയുണ്ട്. വാമനപുരം നദിയിലും ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. വെളളപ്പാച്ചിലിനെ തുടർന്ന് നദീ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. ഗ്രാമീണമേഖലകളിലും, ആദിവാസി മേഖലകളിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. വിതുരം തൊളിക്കോട് പഞ്ചായത്തുകളിൽ കൊവിഡ് ബാധിച്ച് 500ൽ അധികം ആളുകൾ ചികിത്സയിലാണ്. രണ്ടാഴ്ചയ്ക്കിടയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്. ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. ഒരാഴ്ചയ്ക്കിടയിൽ അഞ്ച് പഞ്ചായത്തുകളിലുമായി 1000ത്തോളം പേർക്കാണ് കൊവിഡ് പിടികൂടിയത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് കനത്ത മഴ വില്ലനായെത്തിയിരിക്കുന്നത്. മഴ പ്രതിരോധ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്.