നെയ്യാറ്റിൻകര: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിലും കാറ്റിലും നെയ്യാറ്റിൻകരയിൽ വ്യാപകനാശം. നെയ്യാറ്റിൻകരയിൽ ഇന്നലെ പുലർച്ചയോടെ വൈദ്യുത തൂണുകൾ തകർന്നുവീണു. മരങ്ങൾ കടപുഴകിയാണ് അഞ്ച് വൈദ്യുത തൂണുകൾ തകർന്നത്. നെയ്യാറ്റിൻകര ടി.ജെ ഓഡിറ്റോറിയം, മുള്ളറവിള എന്നിവിടങ്ങളിലാണ് വൈദ്യുത തൂണുകൾ തകർന്നത്. ഇവിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കൂടാതെ ചെമ്പരത്തിവിള - വഴുതൂർ - രാമപഥനി റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്.
മുൻപ് വിണ്ടുകീറി വിള്ളലുണ്ടായിരുന്ന ഭാഗമാണ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്ന് വലിയ കുഴിയായി മാറിയിരിക്കുന്നത്. ഇതോടെ സമീപത്തെ കൃഷിയിടങ്ങലെല്ലാം വെല്ളത്തിനടിയിലായി. മാസങ്ങൾക്ക് മുൻപാണ് ഇവിടെ റോഡ് നവീകരിച്ചത്. റോഡ് നവീകരണത്തിലെ അപാകതയാണ് റോഡ് തകരാനിടയായതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. എട്ട് ലക്ഷം രൂപ മുടക്കി നിർമ്മിച്ച റോഡാണ് നവീകരണം കഴിഞ്ഞ് അധികം വൈകാതെ തകർന്നത്. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്. പ്രദേശത്തെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകര - രാമേശ്വരം ജംഗ്ഷന് സമീപം മരം വീണ് വൈദ്യുത ലൈനുകൾ തകർന്നെങ്കിലും ഉടൻ വൈദ്യുതബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. കനത്ത മഴയിൽ പനയറത്തല ഏലായും സമീപത്തെ ബണ്ട് റോഡും വെളളത്തിൽ മുങ്ങി. റോഡിൽ വെളളം കയറിയതോടെ പനയറത്തല, പുന്നവിള, ഊരൂട്ടുകാല പ്രദേശങ്ങളിൽ നിന്നും നെയ്യാറ്റിൻകരയിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിമൂട് വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി കൃഷി ചെയ്ത അഞ്ച് ഏക്കർ തരിശ് ഭൂമിയിലെ 350ഓളം വാഴകൾ ഒടിയുകയും മറിഞ്ഞുവീഴുകയും ചെയ്തു. കുലയ്ക്കാറായ വാഴകളാണ് ഇവയിൽ അധികവും. രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്കാക്കുന്നത്. കോട്ടുകാൽ കൃഷി ഭവനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.