പൂവാർ: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വലിയതോട് കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടി നൽക്കുന്നതിനാൽ ചുവരുകൾ വീണ്ടുകീറിയും മേൽക്കൂരകൾ തകർന്നും വലിയ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം പുത്തളം ശാഖാ മന്ദിരത്തിന് സമീപം മുതൽ താഴോട്ടുള്ള വീടുകളിലെ കിണറുകളും നിറഞ്ഞൊഴുകി. പ്രദേശത്തെ കിണകളിൽ ഇപ്പോൾ മലിനജലം നിറഞ്ഞതോടെ ജലക്ഷാമമുണ്ടാകുമോ എന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ. വലിയതോടിന്റെ സംരക്ഷണഭിത്തിയും കഴിഞ്ഞ് വരുന്ന ഒഴുക്കു വെള്ളം നിയന്ത്രിക്കാൻ സംവിധാനം വേണമെന്നാണ് പുത്തളം ശാഖാ പ്രസിഡന്റും ബി.ജെ.പി കോവളം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹിയുമായ പുത്തളം സുരേഷ് പറയുന്നത്. അടിയന്തിരമായി ഈ പ്രശ്നം പരിഹരിച്ചില്ലങ്കിൽ കാലവർഷം വരുമ്പോൾ വൻദുരന്തം നേരിടേണ്ടി വരുമെന്നും അദ്ദേഹം ഒർമ്മിപ്പിച്ചു. പ്രദേശത്ത് ഇത് കൂടാതെ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.