തിരുവനന്തപുരം: കൊവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാരമാണ് പ്രതിരോധ രംഗത്ത് സജീവമായ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസനെതിരായ നടപടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശ്രീനിവാസ് നേതൃത്വം നൽകുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ 108 രൂപ സംഭാവന ചെയ്ത് 'ഞങ്ങളാണ് സോഴ്സ്" കാമ്പെയിൻ വിജയിപ്പിക്കണം.
രോഗികൾക്ക് ഓക്സിജനെത്തിച്ചു നൽകുന്ന ശ്രീനിവാസിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ എഴുതിയിരുന്നു. വിദേശ രാജ്യങ്ങൾക്ക് വാക്സിൻ കയറ്റുമതി ചെയ്ത മോദി സർക്കാരിന്റെ പിടിപ്പുകേടും മാദ്ധ്യമങ്ങൾ തുറന്നുകാട്ടി. ആന്റിവൈറൽ മരുന്ന് അനധികൃതമായി സൂക്ഷിച്ച ബി.ജെ.പി എം.പിമാർക്കെതിരെ നടപടിയെടുക്കാതെയാണ് ശ്രീനിവാസിനെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് തിരിഞ്ഞതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.