കിളിമാനൂർ: കൊവിഡ് വ്യാപനത്തിൽ നട്ടംതിരിയുന്ന മലയോരമേഖലയിൽ ദുരിതത്തിന്റെ ആക്കം കൂട്ടി മഴ കൂടിയെത്തിയതോടെ ജനങ്ങൾ പൂർണമായും ദുരിതത്തിലായിരിക്കുകയാണ്. രണ്ടുദിവസമായി പെയ്തിറങ്ങുന്ന കനത്ത മഴയിൽ മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളും മിക്ക റോഡുകളും വെള്ളത്തിനടിയിലായിലായി. വാമനപുരം നദിക്ക് സമീപമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പുളിമാത്ത്, നഗരൂർ, പഴയകുന്നുമ്മൽ, കിളിമാനൂർ, വാമനപുരം, കല്ലറ ,നെല്ലനാട്, പുല്ലമ്പാറ പഞ്ചായത്തുകളിലെ വിവിധ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ വൃക്ഷങ്ങൾ റോഡിലേക്ക് വീണു മണിക്കൂറുകളോളം യാത്ര തടസ്സപ്പെട്ടു. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി നാശ നഷ്ടങ്ങൾ ഉണ്ടായി. വയലേലകൾ മുഴുവൻ വെള്ളത്തിനടിയിലായി. വാഴ, പച്ചക്കറി, മറ്റ് കൃഷികൾ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്. നിരവധി റബ ർ മരങ്ങൾ ഒടിഞ്ഞു വീണു. മണിക്കൂറുകളാണ് വൈദ്യുതി തടസ്സം നേരിട്ടത്. വാമനപുരം നദിയും, ചിറ്റാറും മീൻമുട്ടിയും നിറഞ്ഞ് ഒഴുകുകയാണ്. പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമൺ വാർഡിൽ ഭൂതക്കുഴി ലക്ഷ്മിയുടെ വീട്, കടമുക്ക് വാടയിൽ സുരേന്ദ്രന്റെ വീട് എന്നിവയ്ക്ക്മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. കാഞ്ഞിരം പറമ്പ് മാടൻ നടയിലെ 300 വർഷത്തോളം പഴക്കമുള്ള കൂറ്റൻ കാഞ്ഞിരമരം വീണ് ക്ഷേത്രത്തിലെ ഊട്ടുപുരയും കിണറും തകർന്നു. ഇതിന് സമീപത്തായി അഭിനാഷിന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു പോയി. കുമ്മിൾ വില്ലേജിൽ ജി.എഫ് ഭവനിൽ ഫ്രാങ്ക്ളിന്റെ വീടിന് മുകളിലൂടെ മാവ് വീണ് വീട് തകർന്നു .വാമനപുരം പി.എച്ച്.സിക്ക് സമീപം മഹന്യയിൽ ബിന്ദുവിന്റെ ഓടിട്ട വീട് മഴയിൽ തകർന്നു. അടയമൺ, വെള്ളല്ലൂർ, നന്ദായ് വനം, മൂളയം കാപ്പിൽ കുന്ന് വയൽ ഏലായ്കൾ വെള്ളത്തിൽ മുങ്ങി.