വർക്കല: വർക്കലയിലും സമീപ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും മഴക്കെടുതിയിൽ വ്യാപകമായ നാശനഷ്ടം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത ശക്തമായ പേമാരിയിലും കാറ്റിലും വർക്കല താലൂക്കിൽ നിരവധി വൈദ്യുതി പോസ്റ്റുകളും, മരങ്ങളും ഒടിഞ്ഞുവീണു.
100 -ഓളം സ്ഥലങ്ങളിലാണ് റോഡിന് വശത്തെ മരങ്ങൾ കടപുഴകി വീണത്. മിക്കയിടത്തും 11 കെ.
വി. ലൈനിന് മുകളിലാണ് മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായത്.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വർക്കല താലൂക്കിൽ 75 ഓളം വീടുകൾക്ക് കേടുപാടുകൾ പറ്റി. 20 ഓളം വീടുകൾ ഭാഗികമായും 3 വീടുകൾ പൂർണമായും തകർന്നു.
വർക്കല കെ.എസ്.ഇ.ബി. പരിധിയിൽ 45ഓളം സ്ഥലത്ത് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. കെടാകുളത്ത് 35 ഇടങ്ങളിലാണ് മരങ്ങൾ വീണത്. മുണ്ടയിൽ, മുൻസിപ്പൽ ഓഫീസ്, പുത്തൻചന്ത, റെയിൽവേ സ്റ്റേഷൻ, മൈതാനം റൗണ്ട് എബൗട്ട്, കുരയ്ക്കണ്ണി, ആറാട്ട് റോഡ്, പുന്നമൂട്, ഓടയം, താഴെ വെട്ടൂർ, വിളഭാഗം, തുടങ്ങി വർക്കല നഗരസഭ പ്രദേശത്ത് മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇടവ, ഇലകമൺ, ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ, എന്നീ പഞ്ചായത്തുകളിലും മരങ്ങൾ കടപുഴകി. താലൂക്കിൽ കാർഷിക മേഖലയ്ക്കും വൻതോതിൽ നാശനഷ്ടമുണ്ടായി. താലൂക്കിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ റവന്യൂ അധികൃതർ ശേഖരിച്ച് വരികയാണ്. കമ്മറ്റി വർക്കലയിൽ ദുരന്തനിവാരണ ഫോർ കമ്മിറ്റി രൂപീകരിച്ച് അടിയന്തര സാഹചര്യങ്ങളെ നേരിടുവാനുള്ള തയാറെടുപ്പുകൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
കല്ലണയാറിലും, അയിരൂർ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തീരദേശ മേഖലയായ വെട്ടൂർ, അരിവാളം, റാത്തിക്കൽ, ചിലക്കൂർ, വള്ളക്കടവ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ കുടിലുകളിൽ വെള്ളം കയറി. കാപ്പിൽ കായലിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് കാപ്പിൽ പൊഴി റവന്യൂ അധികൃതർ സ്ഥലത്തെത്തി മുറിച്ചു. വർക്കല താലൂക്കിൽ നാല് കിണറുകൾ ഇടിഞ്ഞുതാണു. യുദ്ധകാലാടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകൾ മഴക്കെടുതി മൂലം ഉണ്ടായ പ്രദേശങ്ങളിൽ എത്തി പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
മഴക്കെടുതിയെ തുടർന്ന് ശനിയാഴ്ച വർക്കല താലൂക്ക് ഓഫീസിൽ അടിയന്തരയോഗം ചേർന്നു. അഡ്വ:വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക, ഡെപ്യൂട്ടി കളക്ടർ കബീർ, തഹസിൽദാർ ഷിബു.പി
തഹസിൽദാർ ഷാജി , വർക്കല പൊലീസ് പി.ആർ.ഒ ജയപ്രസാദ്, ഫയർ ഓഫീസർ അനിൽകുമാർ, പൊതുമരാമത്ത് ഇറിഗേഷൻ , കെ.എസ്.ഇ.ബി , വാട്ടർ അതോറിട്ടി, മുൻസിപ്പൽ സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നദി കരകവിഞ്ഞു, നാട് വെള്ളത്തിൽ
ആറ്റിങ്ങൽ: ശക്തമായ മഴയിലും കാറ്റിലും ആറ്റിങ്ങൽ പ്രദേശത്ത് വൻ നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാമനപുരം, മാമം നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നിരവധി ഇടങ്ങളിൽ കൃഷി നാശവും സംഭവിച്ചു. പാടശേഖരങ്ങളിലെ പച്ചക്കറി, മരച്ചീനി, വാഴ കൃഷികളാണ് വെള്ളത്തിലായത്. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ മിക്ക കുളങ്ങളിലും മത്സ്യ കൃഷി നടക്കുകയാണ്. പല കുളങ്ങളും നിറഞ്ഞു കവിഞ്ഞ് മത്സ്യങ്ങൾ പുറത്തുപോയി. ഇത് കർഷകർക്ക് വലിയ നഷ്ടം വരുത്താനിടയുണ്ട്.
തോടുകൾ നികത്തി സ്വകാര്യ വക്തികൾ കൈവശപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. അവനവഞ്ചേരി അള്ളൂർ ഏലയിലെ തോടിന്റെ പലഭാഗങ്ങളും നികന്നതിനാൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഇവിടെ ഇരുപതോളം പേർ പച്ചക്കറിയും മരച്ചീനിയും കൃഷി ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് തുടർന്നാൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
നിരവധി മരങ്ങളാണ് കടപുഴകി വീണത്. അഞ്ച് വീടുകൾക്ക് ഭാഗികമായി നാശം സംഭവിച്ചു. വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ വെള്ളിയാഴ്ച വൈകിട്ടോടെ വൈദ്യുതി ബന്ധം നിലച്ചു. ഇന്നലെ രാത്രി വൈകിയും പലയിടത്തും വൈദ്യുതി എത്തിക്കാനായില്ല.
ആറ്റിങ്ങൽ മണ്ഡലത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ യോഗം നടന്നതായി ഒ.എസ്.അംബിക എം.എൽ.എ പറഞ്ഞു. അപകടാവസ്ഥയിൽ റോഡിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റുന്നതിനും തീരുമാനമായി. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, വാട്ടർ അതോറിട്ടി, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സഹായങ്ങൾ ആവശ്യമുള്ളവർക്ക് എത്രയും പെട്ടെന്ന് അവ എത്തിയ്ക്കാൻ നടപടി സ്വീകരിച്ചതായി എം.എൽ.എ പറഞ്ഞു.