ചിറയിൻകീഴ്: കനത്ത മഴയിൽ ചിറയിൻകീഴ് താലൂക്കിലെ തീരദേശമേഖലയിൽ വ്യാപക നാശനഷ്ടം. പെരുമാതുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള മേഖലയിൽ കടൽക്ഷോഭം ഇന്നലെയും ശക്തമായിരുന്നു. തിരയടിയിൽ താഴംപള്ളി - അഞ്ചുതെങ്ങ് റോഡ് തകർന്നു.
താഴംപള്ളി ഷൈജൻ ചാക്കോയുടെ ബംഗ്ലാവിൽ വീട് ഇന്നലെ ശക്തമായ തിരയടിയിൽ പൂർണമായും തകർന്നു. വീട്ടിലെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം ഇവിടെ നിന്നും മാറിയിരുന്നു. താഴംപള്ളി അങ്കണവാടിക്ക് സമീപം ഇലക്ട്രിക് പോസ്റ്റ് ശക്തമായ കാറ്റിൽ മറിഞ്ഞുവീണു. തീരദേശ മേഖലയിൽ പലയിടത്തും വെള്ളിയാഴ്ച വൈകിട്ട് മുതൽ വൈദ്യുതിബന്ധം നിലച്ചു. താഴംപള്ളി മുതൽ അഞ്ചുതെങ്ങ് വരെയുള്ള കടലോര മേഖലയിൽ യഥാസമയം കടൽഭിത്തി സംരക്ഷിക്കാത്തതും പുലിമുട്ടുകൾ നിർമ്മിക്കാത്തതുമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് ആക്ഷേപം.
അഴൂർ - ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടായി. അഴൂർ വയൽതിട്ട ഭാഗത്ത് നാലുവീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കടകം, മേൽകടയ്‌ക്കാവൂർ, ബീച്ച് റോഡ്, ആനത്തലവട്ടം, ഒറ്റപ്ലാംമുക്ക് അടക്കമുള്ള പ്രദേശങ്ങളിൽ മരംവീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.