തിരുവനന്തപുരം: ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐ.സി.യുവിലും ഓക്‌സിജൻ സംഭരണ പ്ലാന്റുകളിലും അഗ്നിശമന സേന പരിശോധന നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ ഐ.സി.യുവിലും (1), ഓർത്തോ ഐ.സി.യുവിലും ഓക്‌സിജൻ പരിധി കൂടുതലാണെന്നു കണ്ടെത്തി. മെഡി. കോളേജ് ഉൾപ്പെടെ 8 ആശുപത്രികളിലും ഓക്‌സിജൻ സംഭരണ ഷെഡുകളിലും കഴിഞ്ഞ 12നായിരുന്നു പരിശോധന. മെഡിസിൻ ഐ.സി.യുവിൽ 28%, ഓർത്തോ ഐ.സി.യുവിൽ 26% എന്നിങ്ങനെയാണ് ഓക്‌സിജൻ അളവെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.
ഓക്‌സിജൻ സപ്ലൈ ലൈനിലുള്ള ചോർച്ച, ഓക്‌സിജൻ പൈപ്പുകളിലും വാൽവുകളിലുമുള്ള ചോർച്ച, ഫേസ് മാസ്‌ക് എന്നിവയിൽ നിന്നുള്ള ചോർച്ച ഇവ മൂലം ഐ.സി.യു പോലെ അടച്ചിട്ടിരിക്കുന്ന മുറികളിൽ ഓക്‌സിജൻ അളവ് വർദ്ധിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പൈപ്പുകളിലും വാൽവുകളിലും ചോർച്ചയുണ്ടോയെന്ന് പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തുകയും ഓക്‌സിജൻ ഡിറ്റക്ടർ ഉപയോഗിച്ച് അളവ് മോണിറ്റർ ചെയ്യുകയും വേണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.