മലയിൻകീഴ്: മനോദൗർബല്യമുള്ള മാതാവിനെയും മകളെയും ഡെപ്യൂട്ടി കളക്ടറുടെ സാന്നിദ്ധ്യത്തിൽ പേരൂർക്കട മെന്റൽ ആശുപത്രിയിലേക്ക് മാറ്റി. അന്തിയൂർക്കോണം സ്കൂളരികത്ത് വീട്ടിൽ പരേതനായ സത്യദാസിന്റെ ഭാര്യ ബേബി(85) മകൾ സുമം(45) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ മാനസിക വിഭ്രാന്തിയുള്ള മകളോടൊത്താണ് ബേബി കഴിയുന്നത്. പ്രദേശവാസി ഗ്രാമപഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് സുരേഷ് ബാബുവും മലയിൻകീഴ് സി.ഐ.യും ബേബിയുടെ വീട്ടിലെത്തുന്നത്. വിവാഹിതരായ 4 പെൺമക്കളെയും സി.ഐ. സന്തോഷ് ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇന്നലെ ഡെപ്യൂട്ടി കളക്ടറും മലയിൻകീഴ് ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതർ, കാട്ടാക്കട തഹസീൽദാർ, വാർഡ് അംഗം ശാന്ത, പൊതുപ്രവർത്തകൻ തുഷാരൻ എന്നിവരെത്തി ബേബിയേയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേമ പെൻഷനും കൃഷിയുമാണ് ഇവരുടെ ആശ്രയം. വിവാഹശേഷം മക്കൾ തിരിഞ്ഞുനോക്കാത്തതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പരേതരായ രണ്ടാൺമക്കളും 5 പെൺമക്കളുമാണ് ബേബിക്ക്.