തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിന്റെ നിർണായക ചർച്ചകളിലേക്ക് ഇടതുമുന്നണി നേതൃത്വം ഇന്ന് കടക്കുന്നതോടെ ഒരംഗം വീതമുള്ള ചെറുകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനമെന്നതിൽ ചിത്രം വ്യക്തമാകും. നാലു മന്ത്രിമാരെ ലഭിക്കുന്ന സി.പി.ഐ ഉൾപ്പെടെ, മുഴുവൻ ഘടകകക്ഷികളുമായും ഇന്ന് രാവിലെ മുതൽ സി.പി.എം നേതൃത്വം അവസാനവട്ട ഉഭയകക്ഷി ചർച്ചകൾ നടത്തും. അഞ്ച് അംഗങ്ങളുള്ള കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രിസ്ഥാനമേയുള്ളൂവെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.
കേരള കോൺഗ്രസ്-ബി പ്രതിനിധി കെ.ബി. ഗണേശ് കുമാർ മന്ത്രിയാകുമെന്നാണ് സൂചന. ശേഷിക്കുന്ന ഒരു മന്ത്രിസ്ഥാനം മറ്റ് ചെറുകക്ഷികൾ രണ്ടര വർഷം വീതം പങ്കിടുമോ, അതോ ഒരു കക്ഷിക്ക് മാത്രമായി കൊടുക്കുമോ എന്നാണറിയേണ്ടത്. ചീഫ് വിപ്പ് പദവിയും ഒരു കക്ഷിക്ക് വിട്ടുനൽകിയേക്കും.
ജനതാദൾ-എസിന്റെ മന്ത്രിയെ നാളെ പാർട്ടി ദേശീയാദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിക്കും. കെ. കൃഷ്ണൻകുട്ടിക്ക് മുൻതൂക്കമുണ്ട്. മന്ത്രിയാവാൻ ശാഠ്യമില്ലെന്ന നിലപാടിലാണ് മാത്യു.ടി.തോമസ്. ഒരു പക്ഷേ, രണ്ടര വർഷം വീതം പങ്കിടാൻ ദേവഗൗഡ നിർദേശിച്ചേക്കാം.
എൻ.സി.പി നേതൃയോഗം 18ന് രാവിലെ ചേർന്ന് മന്ത്രിയെ തീരുമാനിക്കും. ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിലാകും യോഗം. എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും മന്ത്രിയാവണമെന്ന നിലപാടിലാണ്.
ചൊവ്വാഴ്ച മന്ത്രിപ്രഖ്യാപനം
നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ ഔപചാരികചർച്ച നടക്കും. ചൊവ്വാഴ്ച രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും യോഗം ചേരും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എ.കെ.ജി ഹാളിലാണ് സംസ്ഥാനകമ്മിറ്റി. ഉച്ച കഴിഞ്ഞ് സി.പി.എം നിയമസഭാകക്ഷിയോഗം ചേർന്ന് കക്ഷിനേതാവായി പിണറായി വിജയനെ ഔപചാരികമായി തിരഞ്ഞെടുക്കും. എൽ.ഡി.എഫ് നിയമസഭാകക്ഷിയോഗം പിന്നാലെ ചേർന്ന് കക്ഷിനേതാവിനെയും മന്ത്രിമാരെയും ഔദ്യോഗികമായി പ്രഖ്യാപിക്കും.സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടും കൗൺസിൽ ഓൺലൈനായും ചൊവ്വാഴ്ച രാവിലെ ചേർന്ന് മന്ത്രിമാരെ നിശ്ചയിക്കും.
പരമാവധി പുതുമുഖങ്ങൾ
പരമാവധി പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സി.പി.എം നീക്കം. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ മന്ത്രിമാരാവുമെന്ന് ഉറപ്പായി. സി.പി.ഐയും പുതുമുഖങ്ങൾക്കാകും അവസരം നൽകുക. ഇ.കെ.വിജയൻ, പി. പ്രസാദ്, കെ.രാജൻ, ജെ. ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, പി.എസ്. സുപാൽ, ജി.ആർ. അനിൽ തുടങ്ങിയവരാണ് പരിഗണനയിൽ.
മന്ത്രിമാർ ആരൊക്കെയെന്നത് പാർട്ടി ആലോചിക്കുന്നേയുള്ളൂ: മുഖ്യമന്ത്രി
പുതിയ മന്ത്രിസഭയിൽ സി.പി.എം മന്ത്രിമാർ ആരൊക്കെയെന്ന് പാർട്ടി ആലോചിക്കാൻ പോകുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താലേഖകരോട് പറഞ്ഞു. "ആലോചിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ പറയാനാകും?"- വാർത്താലേഖകർ ആവർത്തിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി നൽകി.
മന്ത്രിമാരെ പ്രവചിക്കാനുള്ള നിങ്ങളുടെ (മാദ്ധ്യമങ്ങൾ) അവസരം കളയേണ്ടതില്ലല്ലോ. നിങ്ങളുടെ അവസരം പരമാവധി ഉപയോഗിച്ച ശേഷം ഞങ്ങൾക്ക് പറയാനുള്ളത് പറയാം. അപ്പോൾ നിങ്ങൾക്ക് പറയാമല്ലോ, ഞങ്ങൾ പറഞ്ഞത് ശരിയായെന്ന്. പറഞ്ഞത് തെറ്റായിപ്പോയെന്ന് നിങ്ങളൊരിക്കലും സമ്മതിക്കാറില്ലല്ലോ. ഇനി നിങ്ങൾ പറഞ്ഞത് ശരിയായി വന്നാൽ, അത് ഞങ്ങൾ നേരത്തേ പറഞ്ഞതാണെന്ന് പറയുകയും ചെയ്യും. അങ്ങനെ നിങ്ങൾക്ക് പറയാൻ അവസരം കിട്ടുന്നെങ്കിൽ അതു നല്ലത്- മുഖ്യമന്ത്രി ചിരി മായ്ക്കാതെ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് വളരെ ചുരുക്കമാളുകളേ പങ്കെടുക്കൂ. അതിന്റെ മുഴുവൻ കാര്യങ്ങളും അതിന് തൊട്ടുമുമ്പുള്ള ദിവസം വിശദീകരിക്കും. ഇന്നത്തെ പ്രത്യേകതയനുസരിച്ച് പരമാവധി ആളുകളെ ചുരുക്കിയുള്ള പരിപാടി തന്നെയാണുദ്ദേശിക്കുന്നതെന്ന് വെർച്വൽ ചടങ്ങായി നടത്തണമെന്ന ഐ.എം.എയുടെ നിർദ്ദേശം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞു.