പാറശാല: രൂക്ഷമായ കടൽക്ഷോഭത്തിൽ ഇന്നലെ പൊഴിയൂരിൽ മൂന്ന് വീടുകൾ കൂടി തകർന്നു. കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് അപകടഭീഷണിയിലായ വീടുകളിൽ താമസിക്കുന്ന 68 കുടുംബങ്ങളെ നാല് സ്‌കൂളുകളിലായി മാറ്റിപ്പാർപ്പിച്ചു. പൊഴിയൂർ ഗവ.യു.പി സ്‌കൂൾ, സെന്റ് മാത്യൂസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വിരാലി വിമല ഹൃദയ സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിയത്. 23 വീടുകളാണ് ഇതുവരെ തകർന്നത്.
കുളത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുള്ളതായി പ്രസിഡന്റ് സുധാർജുനൻ പറഞ്ഞു. പ്രദേശത്ത് വൈദ്യുതി തകരാറിലായതിനാൽ സ്‌കൂളുകളിലെ ക്യാമ്പുകളിൽ പവർ യൂണിറ്റ് സ്ഥാപിച്ച് വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പിലെ അംഗങ്ങൾക്കായി ആന്റിജൻ ടെസ്റ്റ് നടത്തിയെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചില്ല. ഭാഗികമായി തകർന്ന അതിർത്തി റോഡ് ഇന്നലെ പൂർണമായും കടൽ കവർന്നു. ഇതോടെ കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡ് ഇല്ലാതായി. നെയ്യാറ്റിൻകര തഹസീൽദാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ഫ്ലാറ്റുകൾ തുറന്നുനൽകാത്തതിൽ പ്രതിഷേധം ശക്തമാണ്.