തിരുവനന്തപുരം : ലോക്‌ഡൗൺ പ്രഖ്യാപിച്ച് നാടാകെ വീട്ടിലിക്കാൻ സർക്കാർ നിർദ്ദേശിച്ച് ഒരാഴ്ച പിന്നിടുമ്പോൾ നിയമം ലംഘിച്ചവരിലൂടെ പണം വാരിക്കൂട്ടി പൊലീസ്. ലോക്ക് ഡൗൺ എട്ട് ദിവസം പൂർത്തിയാകുമ്പോൾ സർക്കാർ ഖജനാവിലേക്ക് പൊലീസ് നൽകിയത് 3,17,53,600 രൂപ. ലോക്ക് ഡൗണിന്റെ ആദ്യദിനമായ ഈ മാസം എട്ടിനാണ് ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയത്, 76,18,100 രൂപ. ഏറ്റവും കുറവ് ഇന്നലെയും 26,50,950 രൂപ. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരത്തിൽ ഇറങ്ങിയവരാണ് പൊലീസിന്റെ ഇരകൾ. ക്വാറന്റൈൻ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കൽ, സാമൂഹ്യഅകലം പാലിക്കാതിരിക്കൽ എന്നീ മൂന്നു വിഭാഗങ്ങളായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പൊക്കി പിഴയടിച്ചത്. മാസ്‌ക് ധരിക്കാത്തവരാണ് കുടുങ്ങിയവരിൽ ഏറെയും - 95,458 പേർ. സാമൂഹ്യഅകലം പാലിക്കാത്തതിന് 48,139 പേരും ക്വാറന്റൈൻ ലംഘിച്ചതിന് 239 പേരും പിഴ അടയ്ക്കേണ്ടിവന്നു. എട്ടു ദിവസത്തിനിടെ 24,811 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 9,983 പേർ അറസ്റ്റിലായി. 7,046 വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്ന് അർദ്ധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ലോക് ഡൗൺ വരുന്നതോടെ പരിശോധന വീണ്ടും കടുപ്പിക്കും. പിഴത്തുകയും കൂടും.
എട്ട് ദിവസത്തെ കൊയ്‌ത്ത്
8ന് 76,18,100 രൂപ
9ന് 37,77,100
10ന് 34,62,200
11ന് 37,61,450
12ന് 34,59,500
13ന് 36,94,050
14ന് 33,30,250
15ന് 26,50,950