തിരുവനന്തപുരം:വലിയതുറ മാധവപുരം ചാമുണ്ഡീ ക്ഷേത്രത്തിനു സമീപം വ്യാജ ചാരായ നിർമ്മാണം നടത്തി വന്നയാളെ പിടികൂടി.വെട്ടുകാട് മാധവപുരം പുതുവൽപുത്തൻ വീട്ടിൽ സ്വർണ്ണപ്പല്ലൻ അനി എന്ന് വിളിക്കുന്ന സായൂജ് സതീഷിനെയാണ് (41) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 30ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.പൊലീസ് പരിശോധനയ്ക്കെത്തിയ സമയം ഓടി രക്ഷപ്പെട്ട ഇയാളുടെ സഹായികളായ സഹോദരൻ സഞ്ചയ് സതീഷ്, മകൻ നിഖിൽ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.വലിയതുറ എസ്.എച്ച്.ഒ അരുൺ എസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, അഭിലാഷ്, എ.എസ്.ഐ മാരായ ജോസ്, തങ്കച്ചൻ,സി.പി. ഒ മാരായ ഷാബു,വിബിൻ,സിയാദ്,സുലു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.