വെഞ്ഞാറമൂട്: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകമായ നാശം. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് കേടുപാടു പറ്റി. ശക്തമായ മഴയിൽ വെള്ളം കയറി കൃഷി നശിച്ചു. നെല്ലനാട് പഞ്ചായത്തിലെ വയ്യേറ്റ് ഏലായിൽ പിരപ്പൻകോട് പാലവിള എം.ആർ. ഭവനിൽ മണികണ്ഠന്റെ നാനൂറോളം കുലച്ച ഏത്ത വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു.
മാണിക്കൽ പഞ്ചായത്തിലെ പച്ചക്കറി കൃഷി ഉൾപ്പടെയുള്ളവ വെള്ളത്തിനടിയിലാണ്. പാലവിള കാർത്തികയിൽ അനിൽകുമാറിന്റെ ഇരുന്നൂറോളം വാഴകളും, കെ.കെ മന്ദിരത്തിൽ കുട്ടൻപ്പൻ നായർ, കുശ വീട്ടിൽ മോഹൻനായർ, എന്നിവരുടെ നൂറോളം കുലച്ച ഏത്തവാഴകളുമാണ് കാറ്റിൽ ഒടിഞ്ഞുവീണത്. കൃഷിയിടങ്ങളും വെള്ളത്തിനടയിലാണ്. പിരപ്പൻകോട് പാലവിള ശാരദാലയത്തിൽ മോഹനന്റെ വീട്ടിലേക്ക് പുളിമരം കടപുഴകി. പുത്തൻവിള വീട്ടിൽ ബാബുവിന്റെ ആഞ്ഞി കടപുഴകി ഇലക്ട്രിക് ലൈനിലേക്ക് വീണു. സുനിൽകുമാറിന്റെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും ഷീറ്റും ശക്തമായ കാറ്റിൽ തകർന്നു. ധന്യാഭവനിൽ ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് സമീപത്ത് നിന്ന റബർമരം വീണ് വീടിന്റെ ഓടിട്ട മേൽക്കൂരയ്ക്ക് കേടുപറ്റി. ചെറുവള്ളി രാജുവിന്റെ വീട്ടിലേക്ക് സമീപത്ത് നിന്ന റബർമരം ഒടിഞ്ഞു വീണു.
പഞ്ചാക്ഷരിയിൽ ജയകുമാറിന്റെ പുരയിടത്തിലെ പ്ലാവ് ഒടിഞ്ഞു വീണ് സമീപത്തെ വീടിന്റെ ജനൽപാളികൾ തകർന്നു. ശക്തമായ മഴയിലും കാറ്റിലും അണ്ണൽ അമ്പലത്തറ വീട്ടിൽ വേലുക്കുട്ടിനായരുടെ വീട്ടിന്റെ ഓടിട്ട മേൽക്കൂര തകർന്നു. വിളയിൽ വീട്ടി ഉഷയുടെ വീട്ടിലേക്ക് മരം ഒടിഞ്ഞു വീണ് ഷീറ്റിട്ട മേൽക്കൂര തകർന്നു.
കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ നിയുക്ത എം.എൽ.എ ജി.ആർ. അനിൽ സന്ദർശിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ആർ. അനിൽ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു. വാമനപുരം പഞ്ചായത്തിൽ പന്തുവിള വാർഡിൽ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ആനച്ചൽവിള വാസന്തിയുടെ വീടിന്റെ മേൽക്കൂര തകർന്നു. പുല്ലമ്പാറ പഞ്ചായത്തിലും മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. മുത്തിപ്പാറ കുളപ്പുറം മിച്ചഭൂമിയിൽ സുരേന്ദ്രൻ, തെരുവിൽകുന്ന് വീട്ടിൽ ബേബി അമ്മ എന്നിവരുടെ വീടിന്റെ മേൽക്കൂരകൾ മരം വീണ് തകർന്നു. ശക്തമായ കാറ്റിൽ പന്തപ്ലാവിക്കോണം നന്ദനത്തിൽ ശ്രീകണ്ഠൻ നായരുടെ ഏത്തവാഴകൾ ഒടിഞ്ഞു. കരിമ്പുവിള വീട്ടിൽ മണികണ്ഠൻ നായരുടെ വാഴകൃഷിയും വെറ്റില കൃഷികളും നശിച്ചു.
ഫോട്ടോ: വാമനപുരം ആനച്ചൽ വിളവീട്ടിൽ മരം കടപുഴകി വാസന്തിയുടെ വീടിന് മുകളിൽ കിടക്കുന്നു.