anil

വെമ്പായം: മാണിക്കൽ പഞ്ചായത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിന്റെ പ്രവർത്തനം മാതൃകപരമെന്ന് നിയുക്ത എം.എൽ.എ അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. മാണിക്കൽ, കൊപ്പം സ്വിമ്മിംഗ് പൂൾ കെട്ടിടത്തിൽ ആരംഭിച്ച ഡി.സി.സിയുടെയും, മൊബൈൽ ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതോളം കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികളെ വീട്ടിൽ പോയി ടെസ്റ്റ്‌ ചെയ്യാനുള്ള മൊബൈൽ ക്ലിനിക്കിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. നാലോളം ആംബുലൻസുകൾ ഇതിനായി വാടകയ്‌ക്കെടുത്തു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ലേഖാ കുമാരി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്കും, വീട് നഷ്ടപ്പെട്ടവർക്കും അടിയന്തര സഹായം ഉടൻ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അഡ്വ. ജി.ആർ. അനിൽ നിർദ്ദേശം നൽകി. കനത്ത മഴയിലും കാറ്റിലും അപകടങ്ങൾ സംഭവിച്ച മുൻസിപ്പാലിറ്റിയിലെ പനച്ചമൂട്, വെമ്പായം പഞ്ചായത്തിലെ ഇടുക്കുംതല, കല്ലൂർക്കോണം, അയിരൂപ്പാറ പോത്തൻകോട് പഞ്ചായത്തിലെ തെറ്റിയാർതോട്, ചാരുംമൂട്, മാണിക്കൽ പഞ്ചായത്തിലെ മൊട്ടക്കാവ്, പാലവിള, പള്ളിവിള, അണ്ണൽ എന്നീ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു.