ബാലരാമപുരം:കൊവിഡിൽ പൊതുജനത്തിന് രക്ഷകരായി നരുവാമൂട് പൊലീസ് ഒരു ഫോൺ കോളിനപ്പുറമുണ്ട്. വീടുകളിലൊറ്റപ്പെട്ട രോഗബാധിതർക്കും അല്ലാത്തവർക്കും ഭക്ഷണമെത്തിക്കുന്നതിനുപുറമെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും നരുവാമൂട് പൊലീസ് കൈത്താങ്ങാവുകയാണ്.പള്ളിച്ചൽ സൗപർണിക ഒാഡിറ്റോറിയത്തിന് സമീപം കുറ്റാമത്ത് ലെയിൻ തിരുവാതിരയിൽ റിട്ട.എസ്.ഐ സുധാകരകുമാറിന്റെ വീടിനു മുകളിലും വൈദ്യൂതി ലൈനിലുമായി വീണ തെങ്ങ് ഫയർഫോഴ്സും നരുവാമൂട് പൊലീസും ചേർന്നാണ് നീക്കം ചെയ്തത്.മണ്ണിടിഞ്ഞുവീണ് ഒറ്റപ്പെട്ട നരുവാമൂട് പാലപ്പൊറ്റയിൽ സിസിൽ ഭവനിൽ ജലജയുടേയും കുടുംബത്തിന്റെയും രക്ഷയ്ക്കായും ഇവരെത്തി.എസ്.ഐ എം.കെ.പത്മചന്ദ്രൻ നായർ,സി.പി.ഒ പീറ്റർദാസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകിയത്.മികച്ച കൊവിഡ് വൊളണ്ടിയറായ വെടിവെച്ചാൻകോവിൽ സ്വദേശി അയ്യപ്പന് നരുവാമൂട് പൊലീസ് ഉപഹാരം നൽകി ആദരിച്ചു.മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ പ്രത്യേക നൈറ്റ് പെട്രോളിംഗ് പൊലീസ് ശക്തമാക്കിയിട്ടുണ്ട്.