
വിതുര: ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കനത്ത കാറ്റ് മലയോര മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വിതച്ചു. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വയലേലകൾ തടാകമായി മാറി. പൊന്മുടി തിരുവനന്തപുരം സംസ്ഥാന പാതയിലെ പ്രധാന ജംഗ്‌ഷനുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രതടസ്സവും ഉണ്ടായി. വിതുര ശിവൻകോവിൽ ജംഗ്‌ഷനിലും കലുങ്ക് ജംഗ്‌ഷനിലും അനവധി കടകളിൽ വെള്ളംകയറി. വയൽ നികത്തി നിർമിച്ച വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി. പച്ചക്കറി, വാഴ, മത്സ്യകൃഷികളും വെള്ളം കയറി നശിച്ചു. അരുവികളും തോടുകളും നിറഞ്ഞു. ഡാമുകൾ നിറഞ്ഞു. പേപ്പാറ ഡാം ഏതുസമയത്തും തുറന്ന് വിടും. വാമനപുരം നദിയും നിറഞ്ഞൊഴുകുന്നു. നാലു ദിവസമായി മലയോര മേഖലയിൽ കനത്ത മഴയാണ്. കൊവിഡ് താണ്ഡവമാടുന്നതിനിടയിലാണ് മഴയുടെ വരവ്. ഇതോടെ ജനം പ്രതിസന്ധിയുടെ നടുവിലകപ്പെട്ട് നട്ടം തിരിയുകയാണ്.
ഇന്നലെ ഉച്ചക്ക് വീശിയടിച്ച കാറ്റിൽ വിതുര കല്ലാർ ആനപ്പാറ, മരുതാമാല, ജെഴ്സിഫം, പേപ്പാറ, മേമല, ചെറ്റച്ചൽ, ചായം, വിതുര ഹൈസ്കൂൾ ജംഗ്‌ഷൻ, ചിറ്റാർ, ചേന്നൻപാറ, ആനപ്പെട്ടി എന്നിവിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു. വൈദ്യുതി ലൈനുകൾ പൊട്ടി. മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. പൊന്മുടി തിരുവനന്തപുരം സംസ്ഥാന പാതയിൽ ചേന്നൻപാറ, ചിറ്റാർ ഭാഗങ്ങളിൽ റോഡരികിൽ നിന്ന മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു വൈദ്യുതി ലൈൻ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഫയർഫോഴ്സും, വൈദ്യുതി ജീവനക്കാരും ചേർന്ന് മഴയത്ത് അക്ഷീണം പ്രയത്നിച്ചാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. കാറ്റും മഴയും വൈദ്യുതി വകുപ്പിന് കനത്ത നഷ്ടമാണ് സംഭവിച്ചത്.
കലിതുള്ളി മഴ, നിരവധി വീടുകൾ തകർന്നു
പാലോട്: തുടരുന്ന ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു. കൃഷിയിടങ്ങളിലും വെള്ളം കയറി. കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി തടസ്സം ഉണ്ടായി. കൂറ്റൻ മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. നന്ദിയോട് ഓട്ടുപാലത്തിൽ സുരേഷിന്റെ വീട്ടിൽ നിന്ന കൂറ്റൻ ആഞ്ഞിലി വീണ് സമീപവാസിയുടെ വീടിന് കേടുപാടുണ്ടായി. ഇളവട്ടം നീർപ്പാറയിൽ അഖിലയുടെ വീട് കാറ്റിൽ തകർന്നു വീണു. ഈ സമയം അഖിലയും രണ്ടു കുഞ്ഞുങ്ങളും വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാണയം ഏരുമല കുന്നുംപുറത്ത് വീട്ടിൽ ബേബിയുടെ വീട്ടിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. വഞ്ചുവത്ത് തെങ്കാശി പാതയിൽ കുറ്റൻ മരം കാറ്റിൽ റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. കുറുപുഴയിൽ കാറ്റിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റുകൾ റോഡിലേക്ക് വീണു . പാലോട് സി.ഐ.സി.കെ മനോജ്, എസ്.ഐ നിസാറുദ്ദീൻ എന്നിവർ നേതൃത്വം നൽകുന്ന ക്വിക് റസ്പോണ്ട് ടീമിന്റെ ശ്രമഫലമായി തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി. വെമ്പിൽ ശിവക്ഷേത്രത്തിന് മുന്നിൽ നിന്ന കൂറ്റൻ ആൽമരം കടപുഴകി. നിരവധി ആളുകൾ തങ്ങുന്ന പ്രദേശത്ത് ലോക്ക് ഡൗൺ ആയതിനാൽ ആരും ഉണ്ടായിരുന്നില്ല അതിനാൽ വലിയ ഒരു ദുരന്തം ഒഴിവായി. വട്ടപ്പൻകാട് അനിൽകുമാറിന്റെ വാഴക്കൃഷി, കിടാരക്കുഴി ഉദയകുമാറിന്റെ വാഴക്കൃഷി, പൊട്ടൻചിറ ചൂടൽമൺപൂറം രാധയുടെ മരച്ചീനി കൃഷി, ചൂടൽമൺപുറം അമ്പിളിയുടെ ചേനകൃഷി, ചെല്ലഞ്ചി പ്രഭാകരൻ നായർ, കള്ളിപ്പാറ വിജയകുമാർ എന്നിവരുടെ പച്ചക്കറി കൃഷി എന്നിവയാണ് കനത്ത മഴയെ തുടർന്ന് പൂർണമായും നശിച്ചത്.