ks

തിരുവനന്തപുരം: വൈദ്യുതി ജീവിത വെളിച്ചമാക്കിയ മലയാളിക്ക് അതു എത്തിച്ചു നൽകാൻ കഴിഞ്ഞ രണ്ടു ദിവസമായി രാപകൽ അദ്ധ്വാനത്തിലായിരുന്നു കെ.എസ്.ഇ.ബിയിലെ 14000 ലൈൻമാൻമാർ.

അവർ നേരിട്ട പ്രതിസന്ധികൾ ചെറുതല്ല.

പൊട്ടിപ്പോയ വൈദ്യുതി ലൈൻ ശരിയാക്കാൻ ലൈൻമാൻ ഷിബു പോസ്റ്റിൽ കയറിയപ്പോഴേക്കും വീശിയടിച്ചു വീണ്ടുമൊരു കാറ്റ്. പോസ്റ്റ് നിന്നാടാൻ തുടങ്ങി. പോസ്റ്റ് നിൽക്കുന്നത് ചെളിയിൽ. ലൈൻമാൻമാരായ സുനിൽകുമാറും സാജുവും പോസ്റ്റ് മറിയാതിരിക്കാനായി ഏണിചാരി ബലമായി പിടിച്ചു. ലൈൻ വലിച്ചുകെട്ടി ഷിബു താഴെ ഇറങ്ങുന്നതുവരെ കാവലാളായി മറ്റുള്ളവർ.

ആലപ്പുഴ പുന്നമടയിലായിരുന്നു ഇവരുടെ ദൗത്യമെങ്കിൽ
കൊട്ടാരക്കര നെല്ലിക്കുന്നം മുണ്ടാമൂട് ഏലായിൽ കഴുത്തറ്റം വെള്ളത്തിലാണ് സന്തോഷും മധുവും ഇറങ്ങിയത്. പൊട്ടിയ കമ്പി ഇരുവശത്തുനിന്നും വലിച്ചുകൊണ്ടുവന്ന് ബന്ധിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല.

കാറ്റിലും മഴയിലും മരങ്ങൾ വീണും മണ്ണൊലിച്ചും പോസ്റ്റുകൾ തകർന്നും വൈദ്യുതി കമ്പികൾ കൂട്ടിമുട്ടിയും കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുത ബന്ധം തുടർച്ചയായി തകരാറിലായിരുന്നു. ജീവനക്കാരിൽ 20% പേർ കൊവിഡ് ചികിത്സയിലാണ്. പലിടത്തും മറ്റു സ്ഥലങ്ങളിൽ നിന്നു ജീവനക്കാരെ എത്തിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. ഇന്നലെ വൈകിട്ടോടെ 90 ശതമാനം തകരാറും പരിഹരിച്ചു.

വൈദ്യുതി ബന്ധം വ്യാപകമായി ഇല്ലാതായ ആലപ്പുഴ ജില്ലയിൽ മാത്രം ശനിയാഴ്ച കേടായത് 2800 ട്രാൻസ്‌ഫോർമറുകളാണ്. മുന്നര ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ലാതായി.

കെ.എസ്.ഇ.ബിയുടെ പക്കലുണ്ടായിരുന്ന പോസ്റ്റുകളിൽ മിക്കതും ഉപയോഗിച്ചു തീർന്നു. ലൈൻ കമ്പിയും തീരാറായി.

 മുൻഗണന

ആശുപത്രി, ഓക്സിജൻ പ്ളാന്റ്

11 കെ.വിലൈൻ

ലോ ടെൻഷൻ ലൈൻ

വ്യക്തിഗത പരാതി

9496010101

അപകട സാധ്യത

അറിയിക്കാം

#പോരാട്ടം

14,000: തകരാർ പരിഹരിച്ച ജീവനക്കാർ

16,800:കേടായ ട്രാൻസ്‌ഫോർമർ

14.5 ലക്ഷം:വൈദ്യുതി മുടങ്ങിയ വീടുകൾ

നാശ നഷ്ടം : കണക്കാക്കിയിട്ടില്ല