malayinkil

മലയിൻകീഴ്: മഴക്കെടുതിയിൽ ഗ്രാമങ്ങളിൽ വ്യാപകമായ കൃഷിനാശം. നിരവധി വീടുകളും നടപാതകളു തകർന്നു. മാറനല്ലൂർ, വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലാണ് നാശംവിതച്ചത്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വില്ലേജ്, ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ എന്നിവർ അന്വേഷണം നടത്തിയ ശേഷമേ നഷ്ടം എത്രയാണെന്ന് നിശ്ചയിക്കുകയുള്ളു. മഴയിൽ വിളപ്പിൽശാല പുറ്റുമ്മേൽകോണം വിചിത്ര ഭവൻ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഗൃഹനാഥൻ വിജയന് ഗുരുതരപരിക്കേറ്റു. തലയ്ക്കും തോളെല്ലിനും പരിക്കേറ്റ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല, ചീനിവിള, അണപ്പാട്, കൂവളശ്ശേരി, ഇണ്ടനൂർ, ഇറയംകോട്, പുന്നാവൂർ എന്നിവിടങ്ങലിലാണ് ഏറെ കൃഷിനാശമുണ്ടായത്. സഹകരണ സംഘങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്ന് പലിശയ്ക്ക് കടമെടുത്തുമാണ് കർഷകരിൽ ഭൂരിപക്ഷം പേരും കൃഷി നടത്തിയിരുന്നത്. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട, മലയം, വിളവൂർക്ക,​ വേങ്കൂർ,പൊറ്റയിൽ, കുരിശുമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വാഴയും പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. മലയിൻകീഴ് പഞ്ചായത്തിൽ വലിയറത്തല,മണപ്പുറം, അന്തിയൂർക്കോണം, മച്ചേൽ,മഠത്തിങ്ങൽക്കര,തച്ചോട്ടുകാവ് എന്നീ സ്ഥലങ്ങളിലാണ് ഏറെ കൃഷിനാശം ഉണ്ടായത്.കൃഷി നശിച്ചതിന്റെ കണക്കുകൾ വെള്ളം ഇറങ്ങിയതിന് ശേഷമേ നിശ്ചയിക്കാനാകുവെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് രണ്ടാം വരവിന്റെ പശ്ചത്തലത്തിൽ ഇരട്ടി ദുരിതമാണ് മഴക്കെടുതിമൂലം കർഷകർക്ക് ഉണ്ടായിട്ടുള്ളത്.