nilkunnu

കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും കരവാരം, മണമ്പൂർ, നാവായിക്കുളം മേഖലകളിൽ വ്യാപക നാശം. നാവായിക്കുളത്ത് 15 വീടുകളും കരവാരത്ത് എഴ് വീടുകളും തകർന്നു. മണമ്പൂരിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏതാനും വീടികളിൽ വെള്ളം കയറി. കവലയൂരിൽ മണ്ണിടിഞ്ഞു റോഡിൽ വീണ് ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടു. കല്ലമ്പലത്തെ വിവിധ മേഖലകളിലായി 30 ഓളം മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പുനഃസ്ഥാപിച്ച ഇടങ്ങളിൽ വിട്ടു വിട്ടു പെയ്യുന്ന മഴയിലും കാറ്റിലും വീണ്ടും വൈദ്യുതിബന്ധം താറുമാറായി. കെ.എസ്.ഇ.ബി അധികൃതർ പരമാവധി സ്ഥലങ്ങളിൽ ഓടിയെത്തി പരാതി പരിഹരിക്കാൻ ശ്രമിച്ചു. ഫയർഫോഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു.

ഇടവൂർകോണം മാടൻനട ക്ഷേത്രത്തിലെ മതിലിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞ നിലയിലാണ്. ഇതിനോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ ഏതുസമയവും ക്ഷേത്രത്തിന് മുകളിലേക്ക് പതിക്കാം.

ഓട ഭീഷണിയാകുന്നു

ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം തോട്ടയ്ക്കാട് - മണക്കാട് പാലത്തിന് സമീപം നിർമിച്ച ഓട പ്രദേശവാസികൾക്ക് ഭീഷണിയായി മാറുന്നുവെന്ന് പരാതി. ഇതുമൂലം മഴക്കാലത്ത് ഓടയിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളവും മലിനജലവും കൃഷിയിടത്തിലും മറ്റു പുരയിടങ്ങളിലേക്കും പതിക്കുന്നത് മൂലം വെള്ളക്കെട്ടുണ്ടായി പതിവായി കൃഷി നാശം സംഭവിക്കുന്നുവെന്നും പരാതിയുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ സമീപപ്രദേശത്തെ കിണറുകൾ മലിനമാകുകയും ഹൈവേയിൽ നിന്നും വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ഈ വെള്ളക്കെട്ടിൽ കല‌ർന്ന് പരിസര മലിനീകരണത്തിനും കാരണമാകുന്നു.

കൊതുകുകൾ പെരുകി കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനിയും പടർന്നിരുന്നു. കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷനും കെ.ടി.സി.ടി ട്രസ്റ്റും നാട്ടുകാരും അധികൃതർക്ക് പരാതികൾ സമർപ്പിച്ചുവെങ്കിലും ഇത് വരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

മഴക്കെടുതിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ സുഹൈൽ കൊവിഡ് കാലത്ത് മാതൃകാപരമായി നടത്തിയ 50 സെന്റ് സ്ഥലത്തെ വള്ളിപ്പയർ കൃഷിയും വാഴ കൃഷിയും പൂർണമായി നശിക്കുകയും തൊട്ടടുത്ത പുരയിടത്തിലെ ചുറ്റുമതിൽ വെള്ളപ്പാച്ചിലിൽ തകരുകയും ചെയ്തു. നാഷണൽ ഹൈവേ അധികൃതർ എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.