വർക്കല: മഴക്കെടുതിയിൽ വർക്കല താലൂക്കിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ റവന്യൂ അധികൃതർ ശേഖരിച്ചുതുടങ്ങി. കഴിഞ്ഞ ദിവസവും ശക്തമായ കാറ്റിലും മഴയിലും വർക്കല നഗരസഭ ഉൾപ്പെടെ ഇടവ, ഇലകമൺ,ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകളിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൻ നാശം സംഭവിച്ചു. വൈദ്യുതി കമ്പികൾ, ട്രാൻസ്ഫോർമറുകൾ, ഫീഡറുകൾ എന്നിവ തകരാറിലാണ്. വൈദ്യുതി വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷനിൽ നിന്നും പത്തോളം ജീവനക്കാർ വർക്കലയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്
വർക്കലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കളക്ടറുടെ നിർദ്ദേശാനുസരണം 20 പേർ അടങ്ങിയ രണ്ട് വിദഗ്ദ്ധസംഘം വർക്കലയിലെത്തി. വർക്കല ഫയർസ്റ്റേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ കടപുഴകിയ മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടരുകയാണ്. മരം മുറിക്കുന്നതിന് ആവശ്യമായ ആധുനിക ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചു. തകരാർ സംഭവിച്ച വൈദ്യുത ടവറുകൾ പുനഃസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ. റിജുവിന്റെ നേതൃത്വത്തിൽ പണികൾ പുരോഗമിക്കുന്നു.കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ബിജു വർക്കലയിൽ ക്യാമ്പ് ചെയ്ത് ജോലികൾക്ക് നേതൃത്വം നൽകി. വർക്കല മുൻസിപ്പാലിറ്റി, പഞ്ചായത്ത് റോഡുകളിൽ വീണ മരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു. പ്രധാന റോഡ് സൈഡുകളിൽ നിൽക്കുന്ന അപകടഭീഷണിയുള്ള മരങ്ങൾ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ കെ.ആർ. രാകേഷിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റും.വർക്കല താലൂക്കിന്റെ ചുമതലയുള്ള ഇൻസിഡന്റ് കമാൻഡർ ടി.ആർ. അഹമ്മദ് കബീറാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളും വിവിധ സ്ഥലങ്ങളിൽ തകർന്ന വീടുകളും നിയുക്ത എം.എൽ.എമാരായ വി. ജോയി, ഒ.എസ്. അംബിക, വർക്കല തഹസീൽദാർ ഷിബു എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വർക്കല താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ: 0470-2613222,9497711286.