നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽ തുടർച്ചയായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എം.എൽ.എ അഡ്വ.ജി.ആർ.. അനിൽ അരുവിക്കര വാട്ടർഅതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും മറ്റു ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അരുവിക്കര കുമ്മിയിലുള്ള ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റും സന്ദർശിച്ചു. കല്ലയത്ത് സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയിൽ മതിയായ ശേഷി ഇല്ലാത്തതും വർഷങ്ങൾ പഴക്കമുള്ള പൈപ്പ് ലൈനുകൾ മാറ്റാത്തതുമാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തേക്കുള്ള പൈപ്പിൽ ഇന്റർകണക്ഷൻ ചെയ്യുന്നതിനും കാലപ്പഴക്കം വന്നവ മാറ്റുന്നതിനും നടപടിയുണ്ടാവുമെന്ന് നിയുക്ത എം.എൽ.എ ഉറപ്പ് നൽകി. കരകുളം പഞ്ചായത്ത് പ്രസിഡന്റ് യൂ. ലേഖറാണി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ബ്ലോക്ക് മെമ്പർ അരുവിക്കര വിജയൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രാജീവ്, വാർഡ് മെമ്പർമാരായ അജേഷ്, ഗീത ഹരികുമാർ,പഞ്ചായത് അസി. സെക്രട്ടറി അജിത്ത്, വാട്ടർ അതോറിട്ടി എ.എക്സ്.ഇ കൃഷ്ണചന്ദ്, എ.ഇ ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു.