തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിൽ നേരിയ ആശ്വാസം. രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചുദിവസത്തിന് ശേഷം ഇന്നലെ മുപ്പതിനായിരത്തിൽ താഴെയായി
ഇന്നലെ 29,704 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകൾ പരിശോധിച്ചു. 25.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 84 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 89 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 27,451 പേർ സമ്പർക്കരോഗികളാണ്. 1951 പേരുടെ ഉറവിടം വ്യക്തമല്ല. 218 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നത്. ചികിത്സയിലായിരുന്ന 34,296 പേർ രോഗമുക്തി നേടി.
മലപ്പുറം മുന്നിൽ
രോഗവ്യാപനത്തിൽ ഇന്നലെ മലപ്പുറമായിരുന്നു മുന്നിൽ- 4424 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 3154, പാലക്കാട് 3145, തൃശൂർ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂർ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസർകോട് 560 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി.
ഹോട്ട് സ്പോട്ടുകൾ 852.
കൊവിഡ് രോഗി
ആശുപത്രിയിൽ
തൂങ്ങിമരിച്ചു
കൊല്ലം: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കന്റോൺമെന്റ് ആഞ്ഞിലിമൂട് റെസിഡന്റ് നഗർ 28 ആഷിയാനയിൽ സെഡ്രിക് വാസാണ് (79) മരിച്ചത്.
ഫെഡറിക് വാസും ഭാര്യ ആവ്റിൽ വാസും കഴിഞ്ഞ ദിവസമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭാര്യയുടെ സ്ഥിതി ഗുരുതരമായതോടെ വർക്കല മിഷൻ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ഫെഡറിക്ക് മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ ആശുപത്രി ജീവനക്കാർ എത്തിയപ്പോൾ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അബുദാബിയിൽ ജോലി ചെയ്യുന്ന മകൻ റോബർട്ട് ട്വിന്റ് വാസ് ഇന്ന് നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.