തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് 20ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തന്നെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അധികം വൈകിക്കേണ്ടെന്നാണ് ധാരണ.
കർശന നിയന്ത്രണത്തോടെയാവും ചടങ്ങുകൾ. നിയുക്ത മന്ത്രിമാരുടെ ഏറ്റവുമടുത്ത ഒന്നോ രണ്ടോ ബന്ധുക്കൾ, നിയുക്ത എം.എൽ.എമാർ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർക്കു മാത്രമാകും പ്രവേശനം. കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണം. ആന്റിജൻ പരിശോധനയ്ക്ക് സൗകര്യമുണ്ടാകും. രണ്ടു മീറ്റർ ഇടവിട്ട് ഇരിപ്പിടം ക്രമീകരിക്കും. ഇരിപ്പിടത്തിൽ നിന്ന് മാറരുത്. പൊതുജനത്തിന് പ്രവേശനമില്ല. സാമൂഹ്യ അകലം കൃത്യമായി പാലിക്കാനാണ് ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിലാക്കിയത് എന്നാണ് വിശദീകരണം.