rain

കിളിമാനൂർ: മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്തമഴയ്ക്ക് ഇന്നലെ ശമനം ഉണ്ടായെങ്കിലും വരുത്തിവച്ച നാശനഷ്ടം ചില്ലറയല്ല. കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് ഇടിത്തീപോലെ കാറ്റും മഴയും എത്തിയത്. നിരവധി കുടുംബങ്ങളുടെ വീടും കൃഷിയുമൊക്കെ നശിച്ചു.

കിളിമാനൂർ, വെഞ്ഞാറമൂട് മേഖലയിൽ വ്യാപക നാശമാണ് ഉണ്ടായത്. നൂറോളം കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. ഞായറാഴ്ചത്തേ മഴയിൽ നഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കലിൽ വയോധികരായ ഭാസ്കരൻ, ചന്ദ്രമതി ദമ്പതിമാരുടെ മണ്ണ് വെച്ച വീട് മഴയിൽ പൂർണമായും തകർന്നുവീണു. ഈ സമയം ദമ്പതിമാർ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കനത്ത കാറ്റിലും മഴയിലും മരം കടപുഴകി കിളിമാനൂർ കുന്നുമ്മേൽ ദേവകി മന്ദിരത്തിൽ സുനിൽ കുമാറിന്റെ വീട് ഭാഗികമായി തകർന്നു. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ സമീപവാസിയുടെ പറമ്പിലെ കൂറ്റൻ തേക്ക് മരം കടപുഴകി വീടിന് മുകളിൽ വീഴുകയായിരുന്നു. സംഭവസമയം വീട്ടുകാർ അകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേൾക്കുകയും വീടിന് കുലുക്കം അനുഭവപ്പെടുകയും ചെയ്തതോടെ വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടി. വിവരം അറിഞ്ഞെത്തിയ വർഡ് മെമ്പർ സലിൽ വെഞ്ഞാറമൂട് ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു. തുടർന്ന് ഇവർ എത്തിമരം മുറിച്ച് മാറ്റുകയും ചെയ്തു. കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുന്നുമ്മേൽ പ്രദേശത്ത് നിരവധി മരങ്ങൾ വീഴുകയും വൈദ്യുതി ലൈനുകൾക്ക് തകരാറ് സംഭവിക്കുകയും ചെയ്തു. കരവാരം പഞ്ചായത്തിലെ ചാത്തമ്പറയിൽ സി.പി.എം പ്രവർത്തകൻ പ്രഭകുമാറിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്ക് കടപുഴകി വീട് തകർന്നു. വെഞ്ഞാമൂട്ടിലും നിരവധി വീടുകൾ തകരുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു.