പാലോട്: പച്ച, ഓരുക്കുഴി, മണ്ണാറുകുന്ന്, പൊട്ടൻചിറ പ്രദേശങ്ങളിലുള്ളവർ ആകാശത്ത് മഴക്കാറ് കണ്ടാൽ സാധനങ്ങൾ കെട്ടിപ്പെറുക്കി ഉറങ്ങാതെ കാത്തിരിപ്പാണ്. ശക്തമായ മണ്ണിടിച്ചിൽ തുടരുന്ന ഇവിടെ ഏതു നിമിഷവും ജീവനും വീടും നഷ്ടപ്പെടുമോ എന്ന ഭീതിയിലാണിവർ.
2018ൽ സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 9.86 കോടി ചിലവഴിച്ച് നിർമ്മാണം ആരംഭിച്ച ചെറ്റച്ചൽ നന്ദിയോട് റോഡ് നിർമ്മാണത്തിലെ അപാകതകളാണ് പ്രശ്നങ്ങൾക്ക് കാരണം. നിരവധി തവണ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും റോഡ് പണി രണ്ട് വർഷമായിട്ടും പൂർത്തിയായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
റോഡിന്റെ വീതി കൂട്ടുന്നതിനു വേണ്ടി പുറമ്പോക്കു ഭൂമിയിലെ മണ്ണ് അനിയന്ത്രിതമായി ഇടിച്ചു മാറ്റിയതും ഓട നിർമ്മിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ഫലമോ നന്ദിയോട് ജംഗ്ഷൻ മുതൽ ചെറ്റച്ചൽ വരെ മണ്ണിടിച്ചിൽ തുടർക്കഥയായി. ഇതിനെതുടർന്ന് മണ്ണാറുകുന്നിൽ എത് നിമിഷവും നിലംപൊത്താവുന്ന നിരവധി വീടുകളാണുള്ളത്.
ഓട നിർമ്മാണത്തിനും റോഡ് വീതി കൂട്ടുന്നതിനുമായി സ്ഥലം വിട്ടുനൽകിയവരും വഴി സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടിലാണ്. സാമ്പത്തികശേഷിയുള്ള ചിലർ സ്വന്തമായി വഴി നിർമ്മിച്ച് സ്ലാബ് ഇട്ടു, അതിന് കഴിയാത്തവർ മരക്കഷണങ്ങളും പലകകളും കൊണ്ട് താത്കാലികമായി വഴി നിർമ്മിച്ചാണ് സഞ്ചരിക്കുന്നത്. റോഡ് നിർമ്മാണത്തിലെ അപാകതയെ തുടർന്ന് അപകടങ്ങളും തുടർക്കഥയാവുകയാണ്. റോഡുനിർമ്മാണത്തിലെ അപാകതയെക്കുറിച്ച് നിരവധി തവണ അധികാരികളോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടികളും നാളിതുവരെ എടുത്തിട്ടില്ല. അടുത്ത മഴക്കാലത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഭീതിയിലാണ് ഒരു ഗ്രാമം മുഴുവൻ. അധികാരികളുടെ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.