
കല്ലമ്പലം: കോഴിഫാമിന്റെ മറവിൽ ചാരായം വിൽക്കുന്നയാളെ പള്ളിക്കൽ പൊലീസ് പിടികൂടി. മടവൂർ പുലിയൂർക്കോണം അന്നപൂർണയിൽ അശോകനാണ് (45) അറസ്റ്റിലായത്. ഇയാൾ നടത്തിവന്ന കോഴിഫാമിന്റെയും പന്നിഫാമിന്റെയും മറവിൽ ഫാമിനോട് ചേർന്നുള്ള വീട്ടിൽ രാത്രിയിലാണ് വ്യാജ ചാരായം വാറ്റിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പ്രതിയിൽ നിന്ന് ആറ് ലിറ്റർ ചാരായം, 20 ലിറ്റർ വാഷ്, ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ, 80,000 രൂപ എന്നിവ കണ്ടെത്തി. വില്പനക്കായി ഉപയോഗിച്ച ഒരു കാറും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, ഗ്രേഡ് എസ്.ഐമാരായ വിജയകുമാർ, ഉദയകുമാർ, സി.പി.ഒമാരായ അനീഷ്, ഷമീർ, വിനീഷ്, ഹോം ഗാർഡ് റഹിം, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജലീൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.