mattool-kadalakramanam

പഴയങ്ങാടി: മാട്ടൂൽ നോർത്ത് കക്കാടൻചാൽ മേഖലകളിൽ കടലാക്രമണം രൂക്ഷം. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇതോടെ ഭീഷണിയിലാണ്. പ്രദേശത്തെ റോഡുകളും പൂർണ്ണമായും തകർന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഇരച്ചു കയറിയത് പ്രദേശത്തുകാരെ ഏറെ ഭീതിയിലാഴ്ത്തി. ശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് തീരദേശവാസികൾ. കടലാക്രമണം തടയുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കാത്തതാണ് പ്രദേശത്തെ രൂക്ഷമായ കടലാക്രമണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
കക്കാടൻചാൽ ഭാഗത്ത് കടൽഭിത്തി ഇല്ലാത്തതാണ് പ്രദേശം കടലാക്രമണ ഭീഷണി നേരിടുന്നതിന് കാരണം. കടൽഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി എടുക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. വിവരമറിഞ്ഞ് നിയുക്ത എം.എൽ.എ എം. വിജിൻ, മുൻ എം.എൽ.എ ടി.വി. രജേഷ്, പയ്യന്നൂർ തഹസിൽദാർ,
മാട്ടൂൽ വില്ലേജ് ഓഫീസർ, മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ്, പഴയങ്ങാടി പൊലീസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു.