വിതുര: കൊവിഡും തുടർന്നുവന്ന പേമാരിയിലും ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ ഇരട്ടിപ്രഹരമായി കാട്ടുമൃഗങ്ങൾ കൂടി നാട്ടിലിറങ്ങിയിരിക്കുകയാണ്. കൂട്ടം തെറ്റിവരുന്ന കാട്ടാനയും കാട്ട് പോത്തുകളും വിതുരയിലെ ജനവാസ കേന്ദ്രങ്ങളിൽ നിത്യ കാഴ്ചയാണ്. ഒരാഴ്ചയായി കാട്ടുപോത്ത് കോട്ടിയത്തറ ഈഞ്ചപ്പുരിയിൽ ഭീതിപരത്തി വിഹരിക്കുകയാണ്. ഈഞ്ചപ്പുരി ആറ്റിൻപുറത്തെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം കണ്ട പോത്ത് തെന്നൂർ-പൊന്നാംചുണ്ട് റോഡിലൂടെ സഞ്ചരിച്ച ഇരുചക്രവാഹനയാത്രക്കാരെ ആക്രമിച്ചു.
രണ്ടു ദിവസം മുമ്പ് സമീപവാസികളാണ് തോട്ടത്തിൽ അലഞ്ഞു തിരിയുന്ന കാട്ടുപോത്തിനെ കണ്ടത്.
വാമനപുരം ആറിന്റെ മറുകരയിലെ വനത്തിൽ നിന്ന് കൂട്ടം തെറ്റിയെത്തിയതാകാം എന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ വിതുര തെന്നൂർ റോഡിൽ പൊന്നാംചുണ്ട് പാലത്തിന് സമീപത്തു വച്ചാണ് ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. പോത്തിനെ കണ്ട ദിവസം
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വനത്തിലേക്ക് തിരിച്ചുപോകുമെന്നാണ് വനപാലകർ പറയുന്നത്. കാട്ടുപോത്തിന്റെ
വാസം റോഡിനോട് ചേർന്ന തോട്ടത്തിലായതിനാൽ ഏറെ ഭീതിയോടെയാണ് വിതുര പൊന്നാംചുണ്ട് റൂട്ടിലൂടെ യാത്രചെയ്യുന്നത്.
*വിതുര ചന്തമുക്കിലെ റബർ തോട്ടത്തിൽ ജോലിക്കുപോയ വീട്ടമ്മയെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു
*മണലിയിൽ സ്കൂൾ വിദ്യാർത്ഥിയേയും കാട്ടുപോത്ത് ആക്രമിച്ച് പരിക്കേല്പിച്ചു.
** പകലും പുറത്തിറങ്ങാൻ വയ്യ
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസിമേഖലകളിൽ പകൽ സമയത്തുപോലും കാട്ടുപോത്തുകളുടെ ശല്യമുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുവാൻ പോയ ആദിവാസിയായ ഗൃഹനാഥൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെടുകയും ചെയ്തു. വിതുര പഞ്ചായത്തിലെ ബോണക്കാട്, ജഴ്സിഫാം, അടിപറമ്പ്, മരുതാമല, കല്ലാർ, മൊട്ടമൂട്, കൊമ്പ്രാംകല്ല്, അല്ലത്താര, ചണ്ണനിരവട്ടം, ചാമക്കര, തലത്തൂതക്കാവ്, പൊന്നാംചുണ്ട്, പേപ്പാറ, പൊടിയക്കാല, കുട്ടപ്പാറ മേഖലകളിലാണ് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു..