മുക്കം: 18 നും 44 നും ഇടയിലുള്ളവർക്കും വാക്സിൻ വിതരണമാരംഭിച്ചെങ്കിലും മുക്കത്ത് ഇതു കിട്ടാൻ കടമ്പകൾ ഏറെ കടക്കണം. ഗുരുതര രോഗ ബാധയുള്ളവരടക്കമുള്ള മുൻഗണന വിഭാഗക്കാർക്കാണ് വാക്സിൻ വിതരണമാരംഭിച്ചത്. ഇത്തരക്കാർക്ക് മുക്കം സി.എച്ച്.സിയിലെ വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തിപെടാൻ തന്നെ കടമ്പകൾ ഏറെയാണ്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലേയ്ക്കുള്ള വഴിയിലാണ് ഒ.പിയിൽ ചീട്ട് എടുക്കാനുള്ളവരുടെ വരിനിൽക്കുന്നത്.
ചീട്ട് എടുത്ത് ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്നവർ വരിനിൽക്കുന്നതും ഇവിടെ തന്നെ. ഇതിനിടയിലൂടെ വേണം വാക്സിൻ വിതരണ കേന്ദ്രത്തിലെത്താൻ. തകരം കൊണ്ടുള്ള ഷീറ്റു മേഞ്ഞ മേൽപുരയ്ക്ക് കീഴിലാണ് ടോക്കൺ ലഭിക്കാൻ കാത്തിരിക്കേണ്ടത്. അവിടെ ഇരുപതാൾക്ക് പോലും അകലം പാലിച്ച് നിൽക്കാനുള്ള ഇടമില്ല. ടോക്കൺ ലഭിച്ചാൽ ഇടുങ്ങിയ മുറിക്കുള്ളിൽ നിന്നുള്ള കോണി കയറി വേണം മുകളിലെത്താൻ. അതിനായി കാത്തിരിക്കേണ്ടത് രോഗികൾ മരുന്നു വാങ്ങാൻ ഫാർമസിയിലേക്ക് പോകുന്ന വഴിയിൽ. പ്രായമായവരും ഭിന്നശേഷിക്കാരും മറ്റും പരസഹായത്തോടെയാണ് മുകളിലേക്കുള്ള കോണി കയറുന്നത്. ഒന്നാം നിലയിലെത്തിയാൽ ഊഴം കാത്തിരിക്കേണ്ടത് കോണിക്കൂട്ടിൽ. കുത്തിവയ്‌പ്പെടുത്ത് കഴിഞ്ഞാൽ അരമണിക്കൂർ നിരീക്ഷണത്തിലിരിക്കേണ്ടി വരുന്നത് മറ്റൊരു ഇടുങ്ങിയ മുറിയിൽ. ഇവിടെയൊന്നും നിശ്ചിത അകലം പാലിച്ച് ഇരിക്കാനുള്ള സ്ഥലവും സൗകര്യവുമില്ല. മഹാമാരിയോടൊപ്പം പേമാരി കൂടി എത്തിയതോടെ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ ദുരിതം ഇരട്ടിയായി.
വാക്സിൻ വിതരണ കേന്ദ്രം സൗകര്യമുള്ള ഏതെങ്കിലും കേന്ദ്രത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.