കല്ലമ്പലം: പള്ളിക്കൽ മൂലഭാഗം അർദ്ധനാരീശ്വര ക്ഷേത്രത്തിലെക്കുള്ള ആറാട്ട് കടവ് റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ ഇഴയുന്നു. റോഡിന്റെ പണി ആരംഭിച്ചിട്ട് 1 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. കരാറുകാരന്റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ അവഗണനയുമാണ് പണി പൂർത്തീകരിക്കാത്തതെന്ന് നാട്ടുകാർ. എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം അനുവദിച്ചാണ് 1 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പണി തുടങ്ങിയത്. മഴ ശക്തമായതോടെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം ക്ഷേത്രത്തിലെ ശാന്തി മഠത്തിന്റെ മതിൽ കെട്ട് തകർന്നതായി ഭാരവാഹികൾ പറഞ്ഞു. റോഡിന്റെ ഇരുവശവും തകർന്ന് യാത്രാ ദുരിതം നേരിടുകയാണ്. 3 മാസം കൊണ്ട് പൂർത്തിയാക്കാമായിരുന്ന റോഡ് ജനപ്രതിനിധികളുടെ അനാസ്ഥ കാരണമാണ് നീണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇടിഞ്ഞുവീണ ക്ഷേത്ര മതിൽ നിർമ്മിച്ചു നൽകണമെന്നും റോഡ് പണി എത്രയും വേഗം പൂർത്തിയാക്കി നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും എൻ.എസ്.എസ് കരയോഗം ഭാരവാഹികളും ബി.ജെ.പി പഞ്ചായത്ത് സമിതിയും ആവശ്യപ്പെട്ടു.