ഉള്ളൂർ: എസ്.എ.ടി ആശുപത്രിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്ക് കൊവിഡ് രോഗികൾക്ക് വീണ്ടും ആശ്വാസമാകുന്നു. പൾസ് ഓക്‌സിമീറ്റർ 479.50 രൂപയ്‌ക്ക് ലഭ്യമാക്കിയാണ് ഡ്രഗ് ബാങ്ക് വീണ്ടും ശ്രദ്ധാകേന്ദ്രമായത്. വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ ശരീരത്തിലെ ഓക്‌സിജൻ നില കണ്ടെത്താനുള്ള ഉപകരണത്തിന് പല സ്വകാര്യ ഏജൻസികളും 2000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.
തുടർന്നാണ് ഇവ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഇൻഹൗസ് ഡ്രഗ് ബാങ്കിലെ ചീഫ് ഫാർമസിസ്റ്റ് ബിജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. ചൈനയിൽ നിന്ന് 20,000 പൾസ് ഓക്‌സി മീറ്ററുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം എത്തിയതോടെയാണ് ഒരു ശതമാനം സെസ് ഉൾപ്പെടെ 479.50 രൂപയ്‌ക്ക് പൊതുജനങ്ങൾക്ക് ഇവ ലഭ്യമായത്. രണ്ട് ദിവസത്തിനുള്ളിൽ 25,000 എണ്ണം കൂടിയെത്തും.
പുതിയ സ്റ്റോക്ക് എത്തുന്നതിന് മുമ്പ് 750 രൂപയ്‌ക്കാണ് പൾസ് ഓക്‌സി മീറ്റർ നൽകിയിരുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന പല സി.എഫ്.എൽ.ടി.സികളും പൾസ് ഓക്‌സി മീറ്ററുകൾക്കായി സമീപിച്ചതും ഇൻ ഹൗസ് ഡ്രഗ് ബാങ്കിനെയാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേർ എത്തുന്നുണ്ട്. തീർന്നുപോകുമെന്ന് കരുതി ആളുകൾ പരക്കം പായേണ്ടെന്നും ആവശ്യക്കാർക്കെല്ലാം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ചീഫ് ഫാർമസിസ്റ്റ് ബിജു പറഞ്ഞു.