കിളിമാനൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂർണമായും വീട്ടിലിരുന്ന് സഹകരിച്ചു പൊതുജനം. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. പ്രവർത്തന സമയം അനുവദിച്ചിരുന്ന രണ്ട് മണിയോടെ കടകൾ അടച്ചു. തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് മാത്രമാണ് കടത്തിവിട്ടത്. മരുന്ന്, പഴം, പച്ചക്കറി, പലവ്യഞ്ജന കടകൾ തുറന്നു. ബാങ്കുകൾ ഉച്ചയ്ക്ക് ഒരുമണിവരെ പ്രവർത്തിച്ചു. പൊലീസ് പട്രോളിംഗ് ശക്തമായിരുന്നു. അനാവശ്യ യാത്രക്കാരെല്ലാം പരിശോധനയിൽ കുടുങ്ങി. ആദ്യദിനം തന്നെ കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കി. ചില വാഹനങ്ങളും പിടിച്ചെടുത്തു. ആശുപത്രി, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് തടസമുണ്ടായിരുന്നില്ല. സ്വകാര്യ ലാബുകൾ പ്രവർത്തിക്കുന്നിടങ്ങളിൽ മാത്രമാണ് അല്പമെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. ജില്ലാതിർത്തിയായ വാഴോട് ശക്തമായ പൊലീസ് പരിശോധനയായിരുന്നു ഉണ്ടായിരുന്നത്. പരിശോധന കർശനമായിരുന്നതിനാൽ ചില സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. അവശ്യയാത്ര അല്ലാതെ വന്നവരെ മടക്കി അയച്ചു. വെഞ്ഞാറമൂടും, കാരേറ്റും, വെമ്പായത്തും കർശന പൊലീസ് പരിശോധനയായിരുന്നു. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിലും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. മറ്റൊരു ജില്ലാതിർത്തിയായ കടയ്ക്കൽ - കുറവൻകുഴി റോഡിലെ തൊളിക്കുഴിയിലും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.