മടിക്കൈ: മഹാമാരി കാലത്ത് ചികിത്സയും പരിചരണവും വേഗത്തിൽ ലഭ്യമാക്കാൻ മടിക്കൈ പഞ്ചായത്തിൽ എങ്ങും ഓടാൻ 14 സ്നേഹ വണ്ടികളുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഏത് സമയത്തും ലഭ്യമാവുന്ന തരത്തിൽ നഗര-ഗ്രാമ മേഖലകളിൽ ഓടിയെത്താൻ ഈ സ്നേഹവണ്ടി സദാസമയവും ഉണ്ടാവും. കൊവിഡിന് ഒന്നാം തരംഗം മുതൽ സേവന രംഗത്ത് പഞ്ചായത്തിൽ സജീവമായി യുവജന സംഘടന ഉണ്ടായിരുന്നു. അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ എത്തിച്ചു നൽകുക, ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുക, വീടുകൾ അണുവിമുക്തമാക്കുക തുടങ്ങി ഏത് ആവശ്യത്തിനും വിളിച്ചാൽ വിളിപ്പുറത്തെത്തും. മടിക്കൈ പഞ്ചായത്തിലെ ആറു മേഖലാ കമ്മിറ്റികൾ ഒരുക്കിയ 14 സ്നേഹ വണ്ടികളുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. എം.വി. ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ, ബി. ബാലൻ, ടി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു.. കെ.എം. വിനോദ് സ്വാഗതം പറഞ്ഞു.