പുരാതനകാലം മുതൽ ആഹാരമായും ഔഷധമായും ഉപയോഗിച്ചുവരുന്നതാണ് കോവൽ. വെള്ളരിയുടെ കുടുംബത്തിൽപ്പെട്ട കോവലിന്റെ സസ്യനാമം കോക്സീനിയ ഇൻഡിക്ക എന്നാണ്. ബുദ്ധിയുടെ വിവിധ പ്രവർത്തനങ്ങളെ കുറയ്ക്കുന്ന ഔഷധമായിട്ടാണ് കോവലിനെ ആയുർവേദത്തിൽ വിവരിക്കുന്നത്. അത്തരത്തിലുള്ള ഔഷധങ്ങളും ചികിത്സയിൽ അനിവാര്യമായി വരാറുണ്ട്. എന്നാൽ, സമൂലം ഔഷധമായി ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങളല്ല കോവലിന്റെ ഫലം മാത്രമായി ഉപയോഗിക്കുമ്പോൾ ലഭിക്കുന്നത്.
പൊട്ടുവെള്ളരി പോലെ വളരെ രുചികരമായി കോവലിന്റെ ഇളം കായ്‌കൾ പച്ചയായി കഴിക്കാവുന്നതാണ്. സാലഡ് ഉണ്ടാക്കിയും തോരൻ വച്ചും മെഴുക്കുപുരട്ടിയായും എണ്ണ പരമാവധി കുറച്ച് ഫ്രൈ ചെയ്തും വളരെ രുചികരമായി കഴിക്കാവുന്നതാണ്.
ഔഷധങ്ങൾക്കായി ഉപയോഗിക്കുന്ന കയ്‌പ്പുരസമുള്ളതിനെ കയ്പൻ കോവൽ എന്നാണ് വിളിക്കുന്നത്. ചവർപ്പ് രുചിയുള്ളവയുമുണ്ട്. കയ്പ്പില്ലാത്ത കോവലാണ് കറികൾക്ക് ഉപയോഗിക്കുന്നത്.
കോവൽചെടിയുടെ ഉണങ്ങിയ വള്ളികൾ ഇടയ്ക്കിടെ വെട്ടി വൃത്തിയാക്കി നിർത്തിയാൽ കൂടുതൽ തളിർക്കുകയും കായ്ക്കുകയും ചെയ്യും. ബഹു വർഷ സസ്യമാണ്.
പഞ്ഞമാസമായ കർക്കടകത്തിൽ ആരോഗ്യസംരക്ഷണത്തിനായി പത്തിലക്കറികൾ ഉപയോഗിക്കാൻ പ്രത്യേക നിർദ്ദേശമുണ്ട്. അവയിലൊന്ന് കോവലിന്റെ ഇലകളാണ്. കോവലിന്റെ തളിരില നുറുക്കിയതോ ചൂടുവെള്ളത്തിലിട്ട് ഞെരടി കട്ട് കളഞ്ഞു നുറുക്കിയതോ തോരൻവച്ച് ഉപയോഗിക്കാവുന്നതാണ്.
ഒരു ചെടിയിൽത്തന്നെ ആൺ,പെൺ പൂക്കൾ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. വളരെ കായ് ഫലവും ലഭിക്കുന്നു. വള്ളികൾ മുറിച്ചു നട്ടും, ചുവന്നു പഴുത്ത ഫലങ്ങൾക്കുള്ളിലെ വിത്തുകൾ വീണ് മുളച്ചും പുതിയ ചെടികൾ ഉണ്ടാക്കാം.
ശരീരം തണുപ്പിക്കുന്നതിനും വിളർച്ച, മഞ്ഞപ്പിത്തം, നീര്, ചുട്ടുനീറ്റൽ എന്നിവയുള്ളവരിലും കോവൽ ഗുണകരമാണ്. വണ്ണം കൂടുതലുള്ളവർക്ക് മെലിയുന്നതിനും ബ്ലീഡിംഗ് കൂടുതലുള്ളവർക്ക് അവ ശമിക്കുന്നതിനും കോവൽ നല്ലതുതന്നെ. പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്നതാണ് കോവൽ. ചിലരെങ്കിലും കോവലിന് 'പ്രകൃതിദത്ത ഇൻസുലിൻ' എന്ന പരിഗണന കൂടി നൽകുന്നു.
എന്നാൽ, വർദ്ധിച്ച വാതരോഗമുള്ളവർക്കും സ്ഥിരമായി ഗ്യാസും വയറ് പെരുപ്പും മലബന്ധവുമുള്ളവർക്കും കോവൽ നല്ലതല്ല. വാതവും വയറു നിറഞ്ഞിരിക്കുന്ന അവസ്ഥയും മലബന്ധവും അനുഭവപ്പെടുന്ന അവസരങ്ങളിൽ കോവലിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
കയ്പ്പുള്ള കോവലിന് അണുനാശക ശക്തിയുള്ളതിനാൽ ചർമ്മ രോഗങ്ങളുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്. കയ്പൻകോവലിന്റെ ഇലകളും കായ്കളും കൂടി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കുടിച്ചാൽ വായ്പുണ്ണ് ശമിക്കും.പ്രമേഹം ശമിപ്പിക്കുന്നതിന് കോവൽ മാത്രമായി കഴിക്കുന്നതിനേക്കാൾ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് രണ്ട് ടീസ്പൂൺ വീതം തുടർച്ചയായി കഴിക്കുന്നതാണ് പ്രയോജനപ്പെടും.
കയ്പ്പൻ കോവലിന്റെ ഇല അരച്ച് പുറമേ പുരട്ടിയാൽ ചിക്കൻപോക്സ് കാരണം മുഖത്തും ശരീരത്തുമുണ്ടാകുന്ന കലകൾ മാറും. ഇലയുടെ നീര് ചേർത്ത് എണ്ണകാച്ചി പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്ക് ഫലപ്രദമാണ്.
ചുരുക്കിപ്പറഞ്ഞാൽ, വലിയ ചെലവില്ലാതെ നമ്മുടെ വീടുകളിൽ ആഹാരമായും ഔഷധമായും ഉപയോഗിക്കുന്നതിന് ഒരു അല്പം ഇടം കോവലിനായി മാറ്റിവയ്ക്കുന്നത് നല്ലതാണ്. രാസവളപ്രയോഗങ്ങളൊന്നുമില്ലാതെ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കോവൽ നമുക്ക് ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.