വെമ്പായം: ഈ ലോക്ക് ഡൗണിൽ ആരംഭിക്കാം ഓണക്കാല പച്ചക്കറി കൃഷിക്കുള്ള ഒരുക്കങ്ങൾ. ലോക്ക് ഡൗൺ വിരസതയും കൊവിഡ് വ്യാപനത്തിന്റെ ടെൻഷനും ഒഴിവാക്കി കൃഷിയിടത്തിലേക്കിറങ്ങാം.
ചിങ്ങത്തിലേക്കെത്താൻ അധികം ദൂരമില്ല. ഇപ്പോൾ വെറുതെ ഇരിക്കുന്ന സമയത്ത് കൃഷിയിൽ ഒന്ന് കൈവച്ചാൽ വരുന്ന ഓണത്തിന് സ്വന്തം പച്ചക്കറികൾ കൊണ്ട് വിഭവ സമൃദ്ധമാക്കാം സദ്യ. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരു മുറം പച്ചക്കറി ഒക്കെ ആരംഭിച്ചിരുന്നെങ്കിലും ഇത്തവണ ഒന്നും തുടങ്ങിയിട്ടില്ല.
കൃഷിക്ക് അനുയോജ്യമായ സമയമാണ് മേയ് മാസം. മഴക്കാലം സജീവമാകും മുൻപേയുള്ള ഈ സമയം കൃഷി ആരംഭിച്ചാൽ നല്ല വിളവ് ലഭിക്കും. തൈകളും വിത്തും വളവും മാർഗനിർദ്ദേശങ്ങളും നൽകാൻ കൃഷിഭവനുകളും പ്രദേശത്തെ ജൈവ കർഷകരും തയ്യാറാണ്. ഓണക്കാലത്തേക്കുള്ള പച്ചക്കറിവിത്തുകൾ അടുത്ത മാസം മുതൽ കൃഷിഭവനിൽ നിന്നും കിട്ടും. പയർ, പാവൽ, പച്ചമുളക്, തക്കാളി എന്നിവ നടാൻ പറ്റിയ സമയമാണിത്. ഇപ്പോൾ നട്ടാൽ 45 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം. പച്ചക്കറി വിത്തുകൾ ഓൺലൈനായും ലഭിക്കും.
ഒപ്പമുണ്ട് കൃഷിഭവനുകൾ
കൃഷിഭവനുകളിൽ നിന്ന് പപ്പായ, തെങ്ങിൻതൈകൾ, മുരിങ്ങ, പേര, മുപ്പതാം ദിവസം വിളവെടുക്കാൻ കഴിയുന്ന ചീര, വെള്ളരി, പയർ വിത്ത് തൈകൾ എന്നിവ ലഭ്യമാണ്. വെണ്ട, മുളക്, വഴുതന, പാവൽ, പടവലം എന്നിവ മട്ടുപ്പാവിലും കൃഷിചെയ്യാം. സ്ഥലം കൂടുതലുള്ളവർക്ക് ഇഞ്ചി, കപ്പ, ചേന എന്നീ കൃഷിയിലേക്ക് കടക്കാം. രാവിലെയും വൈകിട്ടും പച്ചക്കറി ചെടികൾക്ക് വെള്ളം ഒഴിക്കാൻ കുട്ടികളെ നിയോഗിച്ചാൽ അവരുടെ വിരസതയും മാറികിട്ടും.
ഓൺലൈൻ
കൃഷി കഴിഞ്ഞ ലോക്ക് ഡൗണിൽ വീട്ടമ്മമാരുടെ നേരമ്പോക്ക് ഓൺലൈൻ പാചക പരീക്ഷണമായിരുന്നു. ഈ ലോക്ക് ഡൗണിൽ കർഷകർക്കായി ഓൺലൈൻ കൃഷി പരിശീലന വീഡിയോകളും സുലഭമാണ്. തൈ നടീൽ, പരിപാലനം, ജൈവ വളം തയ്യാറാക്കൽ, സംരക്ഷണം എന്നിവ ഒറ്റ ക്ലിക്കിൽ ലഭിക്കും.
കൃഷിഭവനുകളിൽ ആവശ്യമായ വളങ്ങൾ ലഭ്യമാണ്. ജീവാണുവളങ്ങൾ, സൂക്ഷ്മ മൂലക കൂട്ടുകൾ, ജൈവ കുമിൾനാശിനികൾ, ജൈവ കീടനാശിനികൾ, മരച്ചീനി അധിഷ്ഠിത കീടനാശിനികൾ, മിത്ര കുമിൾ എന്നീ ജൈവ കൂട്ടുകളെ കൂട്ടുപിടിച്ച് കൃഷി നടത്താം.
വിളകൾ - കൃഷി ചെയ്യേണ്ട സമയം
വെണ്ട - ജൂൺ
പയർ - മേയ് - ജൂൺ
മത്തൻ, കുമ്പളം - മേയ് പകുതി
പാവൽ - പടവലം - മേയ് അവസാനം
വെള്ളരി, വഴുതന - മുളക് - ജൂൺ ആദ്യ വാരം
ചീര - ജൂൺ, ജൂലായ്