panthal

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത് പടുകൂറ്റൻ പന്തൽ. 90 മീറ്റർ നീളവും അത്രതന്നെ വീതിയുമുള്ള പന്തലിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 750 പേർക്കാണ് ഇരിപ്പിടമൊരുക്കുക. സെക്രട്ടേറിയറ്റിനും പ്രസ് ക്ളബിനും അഭിമുഖമായി ഒരുങ്ങുന്ന പന്തലിൽ 40 മീറ്റർ വീതിയുള്ള നടുപ്പന്തലും ഇരുവശങ്ങളിലുമായി 25 മീറ്റർ വീതിയുള്ള അനുബന്ധ പന്തലുമാണുണ്ടാവുക.

പ്രധാന വേദിയിലെ സ്റ്റേജിൽ ഗവർണർ, ചീഫ് സെക്രട്ടറി, സത്യപ്രതിജ്ഞ ചെയ്യുന്ന

മന്ത്രിമാർ എന്നിവർക്ക് ഇരിപ്പിടമൊരുക്കും. അതിനു മുന്നിലായി ക്ഷണിക്കപ്പെട്ടവർക്കുള്ള ഇരിപ്പടം. വേദിയിലേക്ക് കയറാൻ നീളത്തിൽ പടി. കൊവിഡ് മാനദണ്ഡം പാലിച്ച് രണ്ട് മീറ്റർ അകലത്തിലാണ് കസേരകളിടുക. പുഷ്പങ്ങൾ കൊണ്ട് വേദി അലങ്കരിക്കും. ഫാനുകളും കൂളറുകളുമുണ്ടാകും.

ഇത്രയും വലിയ പന്തൽ സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പന്തൽ നിർമ്മാതാവായ പി.ഡബ്ളിയു.ഡി കോൺട്രാക്ടർ വിജയകുമാർ പറഞ്ഞു. രണ്ട് മീറ്റർ അകലം പാലിച്ച് കസേരയിടുന്നതിനാലാണ് ഇത്രയും വിസ്തൃതി വേണ്ടിവരുന്നത്. അലുമിനിയം ഫാബ്രിക്കേഷനിൽ ഒരുക്കുന്ന പന്തലിന്റെ മൂന്ന് വശങ്ങളും തുറസായി ഇടും. പണി തുടങ്ങിയിട്ട് മൂന്ന് ദിവസമായി. നാളെ പൂർത്തിയാകും. പന്തൽ നിർമ്മാണത്തിന് എട്ട് ക്വട്ടേഷനാണ് കിട്ടിയത്. അതിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയത് വിജയകുമാറിന്റെ എസ്.വി.ഡെക്കറേഷനാണ്.