തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് കൊവിഡ് പ്രതിരോധ മുൻകരുതലിന്റെ ഭാഗമായി പരമാവധി ആളുകളെ ചുരുക്കുമെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷണക്കത്തുള്ളവർക്കേ പ്രവേശനമുണ്ടാകൂ.അഞ്ഞൂറിൽ താഴെ പേർക്കാണ് ക്ഷണക്കത്തയച്ചിട്ടുള്ളത്. 140 നിയുക്ത എം.എൽ.എമാരെയും 29 എം.പിമാരെയും ക്ഷണിക്കാതിരിക്കാനാവില്ല. സ്ഥാനമൊഴിയുന്ന മന്ത്രിമാരെയും ക്ഷണിക്കണം. കൊവിഡ് പടരാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന ഉത്തമബോദ്ധ്യത്തോടെ പരമാവധി എല്ലാവരും സഹകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിലേക്ക് എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബൊക്കെ നൽകി വരവേറ്റത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിന്നാലെ വിജയാഹ്ലാദം പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചു. കേരള കോൺഗ്രസ്-ബി ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചാണ് യോഗം തുടങ്ങിയത്.