രാവണന്റെ ചന്ദ്രഹാസമേറ്റ് ആയുസറ്റു പിടയുകയാണ് ജടായു. ആ വേദന കണ്ടുനിൽക്കാൻ സീതാദേവിക്ക് കഴിഞ്ഞില്ല. തന്റെ ലക്ഷ്യത്തിന് ഇടങ്കോലിടാൻ വന്ന പക്ഷീന്ദ്രന്റെ ദുരവസ്ഥ നീരസത്തോടെ രാവണൻ നോക്കിനിന്നു. തന്നെ രക്ഷിക്കാൻ പ്രാണൻ തന്നെ വെടിയാൻ തയ്യാറായ ജടായുവിനെ ആദരവോടും സ്നേഹത്തോടും തഴുകിക്കൊണ്ട് സീതാദേവി ഇപ്രകാരം പ്രാർത്ഥിച്ചു: മനുഷ്യരുടെ കർമ്മങ്ങൾക്കും സുഖദുഃഖങ്ങൾക്കും പലപല ലക്ഷണങ്ങളും നാദങ്ങളും ഉണ്ടാകാറുണ്ട്. അല്ലയോ ശ്രീരാമചന്ദ്ര! ഘോരമായ ആപത്തിന്റെ സൂചനയായി പക്ഷിയുടെ രോദനം അങ്ങു കേൾക്കുന്നില്ലേ?
മൃഗങ്ങളും പക്ഷികളും എനിക്ക് ഭവിച്ച ആപത്ത് സൂചിപ്പിക്കുവാൻ അങ്ങയുടെ അടുത്തേക്ക് പാഞ്ഞുവരുന്നുണ്ടാകും. എന്നെ രക്ഷിക്കുവാനാണ് പക്ഷീന്ദ്രനായ ജടായു ശ്രമിച്ചത്. ദുഷ്ടനായ രാവണൻ അതിനെ നിഗ്രഹിച്ചിരിക്കുന്നു. രഘുവംശതിലകമായ അങ്ങല്ലാതെ ഞങ്ങളെ രക്ഷിക്കാനാരുണ്ട്? പ്രിയപ്പെട്ട അനുജാ ലക്ഷ്മണാ എന്നെ രക്ഷിച്ചാലും... ശിലാഹൃദയങ്ങളെപ്പോലും അലിയിക്കുന്ന മട്ടിൽ സീതാദേവിയുടെ വിലാപമുയർന്നു. ചതഞ്ഞരഞ്ഞ മാലകൾ, ഒളിമങ്ങിയ ആഭരണങ്ങൾ, കണ്ണീരൊഴുക്കുന്ന സീതാദേവി. ആലംബമറ്റ് കേഴുന്ന സീതാദേവിയെ കോപത്തോടെ നിരീക്ഷിച്ചുകൊണ്ട് രാവണൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു. ഒാരോ മരത്തെയും കെട്ടിപ്പിടിച്ച് കരയുന്ന സീതാദേവിയെ ''വിട് വിട്"" എന്ന് പുലമ്പിക്കൊണ്ട് രാവണൻ പിടിച്ചുവലിക്കാൻ ശ്രമിച്ചു. തുണയ്ക്കുവേണ്ടി മരത്തെ ആലിംഗനം ചെയ്ത ദേവിയെ വേർപ്പെടുത്തുവാൻ തലമുടിയിൽ ബലമായി പിടിച്ചു. രാമാരാമാ എന്ന് അലമുറയിടുകയാണ് ദേവി. താൻ പിടിച്ച ദേവിയുടെ കാർകൂന്തൽ തന്റെ കഴുത്തിൽ വീണ കാലപാശമാണെന്ന് രാവണൻ അറിയുന്നില്ല.
രാവണന്റെ ആക്രമണം തുടർന്നപ്പോൾ പ്രകൃതിയുടെ മട്ടുതന്നെ മാറി. എങ്ങും അന്ധകാരം പരന്നു. കാറ്റ് ചലിക്കാതായി. സൂര്യന്റെ ശോഭ കെട്ടു. ജനകപുത്രിയെ രാവണൻ സ്പർശിച്ചതും ഉപദ്രവിക്കുന്നത് ദിവ്യദൃഷ്ടിയാൽ കണ്ട ബ്രഹ്മാവ് ദേവഹിതം നടക്കാൻ പോകുന്നതോർത്ത് ''കാര്യം സാധിച്ചുകഴിഞ്ഞു"" എന്ന് മനസിൽ ചിന്തിച്ചു. ദണ്ഡകാരണ്യത്തിലെ മഹർഷിമാർക്ക് ഒരേ സമയം സന്തോഷവും ദുഃഖവും തോന്നി. ദുഷ്ടാത്മാക്കളായ രാക്ഷസകുലം നശിക്കാറായി. വൈകാതെ ആ വംശം തന്നെ നശിക്കും. മൂന്ന് ലോകങ്ങൾക്കും ശത്രുവായ രാവണന്റെ നാശവും ഇനി അകലെയല്ല. സകല ലോകങ്ങളും നമിക്കുന്ന സീതയെ രാക്ഷസരാജാവ് ആക്രമിച്ചു. നാലുദിക്കിലും ഇൗ ശോകവൃത്താന്തം പരന്നു. രാമാ ശ്രീരാമാ, അനുജ, ലക്ഷ്മണ, എന്നിങ്ങനെ ശോകാർദ്രയായി വിലപിക്കുന്ന സീതാദേവിയുമായി രാവണൻ ആകാശത്തിലേക്ക് ഉയർന്നു. സ്വർണവർണയും പീതാംബരധാരിയുമായ സീത ആകാശമാർഗത്തിൽ മിന്നൽപ്പിണർ പോലെ ശോഭിച്ചു. ദേവിയുടെ മുടിക്കെട്ടിൽനിന്ന് സുഗന്ധികളായ ചെന്താമരപ്പൂവിതളുകൾ രാവണന്റെ മേൽ പതിച്ചു. ആദിത്യകിരണങ്ങൾ തട്ടിയപ്പോൾ തങ്കക്കസവാട വിണ്ണിൽ വെട്ടിത്തിളങ്ങി. എള്ളിൻപൂവൊത്ത നാസികയോടുകൂടിയ ദേവിയുടെ സുന്ദരവദനം ശ്രീരാമസാമീപ്യമില്ലാത്തതിനാൽ തണ്ടൊടിഞ്ഞ താമരപ്പൂപോലെ മങ്ങിയിരുന്നു. രാവണന്റെ മടിത്തട്ടിലുള്ള ദേവിയുടെ മുഖം കാർമേഘം പിളർന്നുവന്ന പൂർണചന്ദ്രന് തുല്യമായിരുന്നു. നേർത്തക്ഷതം പോലുമേൽക്കാത്ത ഒരു താമരപ്പൂവ് രാക്ഷസരാജാവിന്റെ മടിത്തട്ടിൽ ശോഭിച്ചു. കണ്ണീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നെങ്കിലും ചന്ദ്രനെപ്പോലെ ആനന്ദദർശനമേകി ആ സുന്ദരവദനം.
ചുവന്ന ചുണ്ടുകൾ വിറയാർന്നതായിരുന്നു. മനോഹരമായ മൂക്കും കണ്ണുകളും ആ മുഖകാന്തി വർദ്ധിപ്പിച്ചു. എങ്കിലും ശ്രീരാമ സാമീപ്യമില്ലാത്തതും രാവണസാമീപ്യവും ദേവിയിൽ ഭയം ജനിപ്പിച്ചു.
രാവണന്റെ മടിത്തട്ടിൽ സീതാദേവി ഇരിക്കുന്നത് കണ്ടാൽ പൊന്നരഞ്ഞാൺ ചാർത്തിയ കൂറ്റൻ പർവ്വതമെന്നേ തോന്നൂ. സർവ്വാഭരണ വിഭൂഷിതയായ ദേവി കാർമേഘത്തിന് ഇടിമിന്നലെന്നപോലെ രാവണന് ശോഭയേകി. ആകാശത്തിലൂടെ കൊണ്ടുപോകുന്ന ദേവിയുടെ മുടിക്കെട്ടിൽനിന്ന് മണമുള്ള പൂക്കൾ പൊഴിഞ്ഞുകൊണ്ടിരുന്നു. കണ്ണുകളിൽ നിന്ന് അശ്രുബിന്ദുക്കളും. ഭയചകിതയായ ദേവിയുടെ പാദങ്ങളിൽ നിന്ന് മനോഹരമായ ഒരനൂപുരം താഴെവീണു. രാക്ഷസരാജാവ് ദേവിയെ കൊണ്ടുപോകുന്നത് കൊള്ളിമീൻ പായുന്നപോലെ തോന്നിച്ചു. സ്വർണാഭരണങ്ങൾ താഴേക്ക് വീണത് ക്ഷീണിച്ച നക്ഷത്രങ്ങൾ പതിക്കുംപോലെ. മാറിൽനിന്ന് വീണ ചന്ദ്രഹാരം ആകാശത്തുനിന്ന് പതിക്കുന്ന ഗംഗയുടെ പ്രതീതി സൃഷ്ടിച്ചു. സീതാദേവിയുടെ നിഴലിന് പിന്നാലെ കോപാകുലരായി സിംഹങ്ങളും പുലികളും പക്ഷികളും പാഞ്ഞടുത്തു,. ചോലകൾ കണ്ണീരൊഴുക്കുംപോലെ കൊടുമുടികളാകട്ടെ കൈകളുയർത്തുംപോലെ. സൂര്യദേവൻ നിറംകെട്ട് വിളറി വെളുത്തപോലെ. വനദേവതകൾ ധർമ്മം നശിച്ചു, സത്യം എവിടെ? ആർക്കും കാരുണ്യമില്ലേ? ഇൗ ലോകത്ത് നന്മയ്ക്ക് ഇടമില്ലേ എന്നൊക്കെ വിലപിച്ചു. മാൻപേടകൾ ദയനീയമായി മേൽപ്പോട്ടുനോക്കി. സീതാദേവിയുടെ വിലാപം കേട്ട് വനദേവതമാർ വിറച്ചു. ''ഹാ രാമാ, ഹാ ലക്ഷ്മണാ..."" എന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ദേവി ഭൂമിദേവിയെ നോക്കി. മുടിക്കെട്ടഴിഞ്ഞ് പൊട്ടുമാഞ്ഞ് മങ്ങിയ രൂപമാണെങ്കിലും സ്വന്തം കുലനാശത്തിനുവേണ്ടി രാവണൻ കൊണ്ടുപോകുകയാണ്. രാമലക്ഷ്മണന്മാരെ മനസാ സ്മരിച്ചുകൊണ്ട് സീതാദേവി മുഖം വാടി ഭൂമിദേവിയെ പ്രതീക്ഷയോടെ നോക്കി.
(ഫോൺ: 9946108220)