df

വർക്കല: വർക്കല താലൂക്കിൽ പ്രകൃതിക്ഷോഭത്തിൽ 7 കിണറുകൾ ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലാണ് കിണറുകൾ തകർന്നത്. നടയറ കാരമൂട് വീട്ടിൽ ജാബിർ, ചെമ്മരുതി പോങ്ങിൽ രജിത് ഭവനിൽ രമ്യ, അയിരൂർ മലവിള പുത്തൻവീട്ടിൽ രഘു, വെട്ടൂർ നന്ദനം വീട്ടിൽ മഞ്ജു, പള്ളിക്കൽ തെറക്കോണത്ത് വീട്ടിൽ ലൈല ബീവി, ചെറുന്നിയൂർ പുതുവൽവിള വീട്ടിൽ ആനന്ദവല്ലി, ഹരിഹരപുരം പരുത്തിപ്പുഴ വീട്ടിൽ മോഹനൻ എന്നിവരുടെ കിണറുകളാണ് തകർന്നത്. കൂടാതെ വർക്കല താലൂക്കിലെ അഞ്ച് വീടുകൾ പൂർണമായും 103 വീടുകൾ ഭാഗികമായും തകർന്നതായി റവന്യൂ അധികൃതർ അറിയിച്ചു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി തകർന്ന കെ.എസ്.ഇ.ബിയുടെ നാല് 11 കെ.വി ടവറുകളുടെ സ്‌ട്രക്ചർ അധികൃതർ പൂർവസ്ഥിതിയിലാക്കി. റോഡുകളുടെ വശങ്ങളിൽ അപകടകരമായനിലയിൽ നിൽക്കുന്ന മരങ്ങൾ പി.ഡബ്ള്യു.ഡിയും ഫയർഫോഴ്സും സംയുക്തമായി മുറിച്ചുമാറ്റിവരുന്നു. വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കുന്നതിന് കെ.എസ്.ഇബി അധികൃതർ യുദ്ധകാല അടിസ്ഥാനത്തിലാണ് ജോലികൾ ചെയ്യുന്നത്. വൈദ്യുത തകരാറുമൂലം ജലവിതരണത്തിനു നേരിട്ട് തടസം മാറ്റുന്നതിനുള്ള ജോലികളും പുരോഗമിച്ചു വരുന്നു. ഇടിഞ്ഞു താഴ്ന്ന കിണറുകൾ, നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ എന്നിവിടങ്ങൾ നിയുക്ത എം.എൽ.എ വി. ജോയി, തഹസീൽദാർമാരായ പി. ഷിബു, എസ്. ഷാജി, ഡെപ്യൂട്ടി തഹസിൽദാർ പി. പ്രകാശ്, ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ എന്നിവർ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.