തിരുവനന്തപുരം: ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നുള്ള ഏക എം.എൽ.എ ആന്റണി രാജു മന്ത്രിയാകുമെന്ന് ഉറപ്പായി. ഇനി ആരൊക്കെ തലസ്ഥാനത്തു നിന്ന് മന്ത്രിമാരാകും?​ സി.പി.എമ്മിലെ മന്ത്രിസ്ഥാനം നേമത്ത് നിന്ന് വിജയിച്ച വി.ശിവൻകുട്ടിക്കോ, അതോ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച മുൻ മേയർ വി.കെ. പ്രശാന്തിനോ?.. സി.പി.ഐയുടെ ചോയ്സ് നെടുമങ്ങാട് നിന്ന് വിജയിച്ച ജി.ആർ.അനിലാണ്. ഒരു ജില്ലയിൽ നിന്ന് രണ്ടു മന്ത്രിമാരിൽ കൂടുതൽ വേണ്ടെന്ന് എൽ.ഡി.എഫ് തീരുമാനമുണ്ടായാൽ ഇവരിൽ ചിലരുടെ സാദ്ധ്യത മങ്ങും. എങ്കിലും ശിവൻകുട്ടിക്ക് മന്ത്രിസ്ഥാനത്തേക്ക് സാദ്ധ്യത ഏറെയാണെന്നാണ് സൂചന.

കഴിഞ്ഞ 12 വർഷമായി സി.പി.ഐ സംസ്ഥാന സമിതി അംഗമാണ് ജി.ആർ.അനിൽ. ഏഴു വർഷം ജില്ലാ സെക്രട്ടറിയായിരുന്നു. പാർട്ടിക്ക് നാല് മന്ത്രിസ്ഥാനം ലഭിക്കുമ്പോൾ സീനിയോറിട്ടി നോക്കിയാലും ജി.ആർ.അനിലിനെ തള്ളിക്കളയാനാവില്ല.

നേമത്ത് ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചതു മാത്രമല്ല,​ സി.പി.എം സംസ്ഥാന സമിതി അംഗമെന്നതും വി.ശിവൻകുട്ടിക്ക് അനുകൂലമാണ്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരിലൊരാളുമാണ്. അതേസമയം തലസ്ഥാനത്തിന് യുവത്വത്തിന്റെ പ്രസരിപ്പ് നൽകാൻ വി.കെ. പ്രശാന്തിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച പ്രശാന്തിന് ഇത്തവണ കൂടുതൽ ഭൂരിപക്ഷത്തിൽ വീണ്ടും ജയിക്കാൻ കഴിഞ്ഞത് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ്. ജനകീയ മേയറായിരുന്ന പ്രശാന്ത് സി.പി.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗമാണ്.