തിരുവനന്തപുരം: മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയോടെ ടൗക് തേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തി. വൻ നാശനഷ്ടമുണ്ടാക്കുമെന്ന ഭീതിയിൽ പോർബന്തർ,ഭവനഗർ, മെഹുവ, ബേത്താഡ്, ജാംനഗർ, ജൂണോഗാവ്,അംറേലി പ്രദേശങ്ങളിൽ നിന്ന് ഒന്നരലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കൊവിഡ് ആശുപത്രിയിലെ രോഗികളെയെല്ലാം അയൽ ജില്ലകളിലേക്കും മാറ്റി. വൈദ്യുതി,കമ്യൂണിക്കേഷൻ സംവിധാനങ്ങളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്. ദുരന്തനിവാരണ വിഭാഗങ്ങളെയും പൊലീസ്, സേനാവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6 ഓടെ മുംബയ് തീരത്തിന് 140 കിലോമീറ്ററും പോർബന്തറിന് 200 കിലോമീറ്ററും ഇടയിലുള്ള മേഖലയിലെത്തിയ ടൗക് തേ അർദ്ധരാത്രിയോടെയാണ് ഗുജറാത്തിലെത്തിയത്. മുംബയ് വിമാനത്താവളവും പോർട്ടും അടച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 114 കിലോമീറ്റർ വേഗത്തിലാണ് മുംബയിൽ കാറ്റ് വീശിയത്. മഹാരാഷ്ട്രയിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾക്കും വീടുകൾക്കും നാശമുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്ന് നാവികസേനയുടെ ഐ.എൻ.എസ് കൊച്ചി യുദ്ധക്കപ്പലും രക്ഷാദൗത്യത്തിനായി മുംബയിലെത്തിയിട്ടുണ്ട്.
രൂപം കൊണ്ടത് മേയ് 11 ന്
മേയ് 11ന് മാലി ദ്വീപിനടുത്ത് രൂപംകൊണ്ട ന്യൂനമർദ്ദമാണ് വടക്കോട്ടു നീങ്ങി കേരളതീരത്തും പിന്നീട് കർണാടക,ഗോവ,മഹാരാഷ്ട്ര തീരങ്ങളിലൂടെ ഗുജറാത്തിലുമെത്തിയത്. ഇന്ന് രാജസ്ഥാൻ മരുഭൂമിപ്രദേശത്തുവച്ച് കാറ്റിന്റെ ശക്തികുറഞ്ഞ് അവസാനിക്കും.