വർക്കല: ട്രിപ്പിൾ ലോക്ക് ഡൗൺ വർക്കല താലൂക്കിൽ പൂർണം. വർക്കല ടൗൺ, പുത്തൻ ചന്ത, പാലച്ചിറ, മരക്കടമുക്ക്, നടയറ, ജനാർദ്ദനപുരം, കുരയ്‌ക്കണ്ണി, പുന്നമൂട് എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ താലൂക്കിലെ ഏഴ് ഗ്രാമപഞ്ചായത്തിലെ നിർണായക ഇടങ്ങൾ കേന്ദ്രികരിച്ചു പൊലീസിന്റെ കർശന പരിശോധനകൾ ഊർജ്ജിതപ്പെടുത്തിയിരുന്നു. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്. ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടകൾ തുറന്ന് പ്രവർത്തിച്ചുള്ളു. ഭൂരിഭാഗം പേരും പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചു.
പൊലീസിന്റെ പാസ് ഇല്ലാതെ അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയ നിരവധി പേരെ പൊലീസ് മടക്കി അയച്ചു. കൊല്ലം തിരുവനന്തപുരം ജില്ലാതിർത്തിയായ കാപ്പിൽ പാലത്തിന് സമീപവും ഊന്നിൻമൂട് ജംഗ്ഷൻ കേന്ദ്രീകരിച്ചും പൊലീസ് ബാരിക്കേഡുകൾ തീർത്തു പരിശോധന ശക്തമാക്കിയിരുന്നു.
അയിരൂർ, വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇടറോഡുകളിലും പൊലീസിന്റെ പരിശോധന കർശനമാക്കിയിരുന്നു. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലും താലൂക്കിൽ ഉടനീളം പട്രോളിംഗ് നടത്തി. വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ച അൻപതോളം പേർക്കെതിരെ കേസെടുത്തു. പതിനഞ്ചോളം വാഹനങ്ങൾ പിടിച്ചെടുത്തു. വർക്കല ഡി.വൈ.എസ്.പി ബാബുകുട്ടൻ, എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐ സേതുരാജ്, ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ബി. ജയപ്രസാദ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.